കണ്ണൂര്‍ അര്‍ബന്‍നിധി നിക്ഷേപ തട്ടിപ്പ്; മയ്യിലില്‍ 31 ലക്ഷം രൂപ തട്ടി

 


കണ്ണൂര്‍:- അര്‍ബന്‍നിധിയുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മയ്യില്‍ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രണ്ട് പേരില്‍ നിന്നായി 31 ലക്ഷത്തോളം രൂപ തട്ടിയെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. കരിങ്കല്‍കുഴി സ്വദേശിയിൽ നിന്ന് 15,18,000 രൂപയും കണ്ണാടി പ്പറമ്പ് സ്വദേശിയിൽ നിന്ന് 15,20,000 രൂപയും തട്ടിയെന്നാണ് പരാതി.

കണ്ണൂര്‍ അര്‍ബന്‍നിധി ഡയറക്ടര്‍ തൃശൂര്‍ കുന്നത്ത് പീടികയില്‍ കെ.എം ഗഫൂര്‍, സഹസ്ഥാപനമായ എനി ടൈം മണിയുടെ ഡയറക്ടര്‍മാരായ മലപ്പുറം ചങ്ങരംകുളം മേലെപ്പാട്ട് വളപ്പില്‍ ഷൗക്കത്ത് അലി, ആന്‍റണി, അര്‍ബന്‍നിധിയുടെ അസി. ജനറല്‍ മാനേജര്‍ കണ്ണൂര്‍ സ്വദേശി ജീന, എച്ച്‌ആര്‍ മാനേജര്‍ പ്രഭീഷ്, ബ്രാഞ്ച് മാനേജര്‍ ഷൈജു എന്നിവര്‍ക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

തലശേരി സ്വദേശി ഡോ. ദീപക് ഉള്‍പ്പെടെ ഉള്ളവരുടെ പരാതിയില്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്ത ഗഫൂറും ഷൗക്കത്ത് അലിയും കണ്ണൂര്‍ സ്പെഷല്‍ സബ് ജയിലില്‍ റിമാന്‍ഡിലാണ്. ഇരുവരേയും മയ്യില്‍ പോലീസ് ജയിലില്‍ എത്തി അസ്റ്റ് രേഖപ്പെടുത്തും. ഇതിനായി അടുത്ത ദിവസം കണ്ണൂര്‍ കോടതിയില്‍ അപേക്ഷ നല്‍കും. കേസിലെ മറ്റ് പ്രതികള്‍ക്കായി മയ്യില്‍ ഇന്‍സ്പെക്ടര്‍ ടി.പി സുമേഷിൻ്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Previous Post Next Post