കണ്ണൂർ:-വനിതാ ശിശു വികസന വകുപ്പിന്റെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ദേശീയ ബാലിക ദിനാചരണം ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ പെൺകുട്ടികൾക്കും തുല്യാവകാശം എന്ന ലക്ഷ്യവുമായാണ് ബാലിക ദിനം ആചരിക്കുന്നത്. പ്രശ്നങ്ങൾ നേരിടുന്ന പെൺകുട്ടികൾക്ക് മാനസിക പിന്തുണയും നിയമസഹായവും നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയാണ് വകുപ്പിന്റെ ലക്ഷ്യം.
കലക്ടറേറ്റ് ആംഫി തിയറ്ററിൽ നടന്ന പരിപാടിയിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഡീന ഭരതൻ അധ്യക്ഷത വഹിച്ചു. സംസ്ഥാനതല ചിൽഡ്രൻസ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടിയ കണ്ണൂർ ചിൽഡ്രൻസ് ഹോം ഫോർ ബോയ്സ് ആന്റ് ചിൽഡ്രൻസ് ഹോം ഫോർ ഗേൾസിലെ കുട്ടികളെ കലക്ടർ അനുമോദിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ വി രജിഷ, ഐ സി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസർ സി എ ബിന്ദു, ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസർ പി സുലജ, വനിത ശിശു വികസന വകുപ്പ് ജൂനിയർ സൂപ്രണ്ട് ടി കെ ബബിത എന്നിവർ പങ്കെടുത്തു. തുടർന്ന് ചിൽഡ്രൻസ് ഹോം കുട്ടികളുടെ കലാപരിപാടികൾ, മൊകേരി രാജീവ് ഗാന്ധി ഹയർസെക്കണ്ടറി സ്കൂൾ പ്ലസ്വൺ വിദ്യാർഥി നിധിയ സുധീഷിന്റെ ഏകാംഗ നാടകം, കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കുട്ടികളുടെ ഫ്ളാഷ് മോബ് എന്നിവ അരങ്ങേറി.