കണ്ണൂർ:-വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നയം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ എസ് ഇ ബിയുടെ ഉത്തര മലബാറിലെ ആദ്യ 220 കെ വി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷനും കാഞ്ഞിരോട് നിന്ന് തലശ്ശേരിയിലേക്ക് നിർമ്മിച്ച 220/110 കെ വി ലൈനും കതിരൂർ പഞ്ചായത്തിലെ പറാംകുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വൈദ്യുതി മേഖല വലിയ തോതിൽ സ്വകാര്യവത്കരിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. അത് നടപ്പായാൽ വൈദ്യുതിക്ക് ഭീമമായ വിലക്കയറ്റം ഉണ്ടാകും. അത് നാടിനും നാട്ടുകാർക്കും പ്രയാസം സൃഷ്ടിക്കും. താഴ്ന്ന നിരക്കിൽ വൈദ്യുതി ലഭ്യമാക്കുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്ര സർക്കാരിന്റെ കണക്ക് പ്രകാരം മികച്ച രീതിയിൽ വൈദ്യുതി മേഖല കൈകാര്യം ചെയ്യുന്ന മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.
പാവപ്പെട്ടവർക്കും പ്രത്യേക പരിഗണന അർഹിക്കുന്നവർക്കും സൗജന്യമായി വൈദ്യുതി ലഭ്യമാക്കുകയാണ് ലക്ഷ്യം. സേവന മേഖലയെ കൂടുതൽ മെച്ചപ്പെടുത്തി ആഗോള നിലവാരത്തിൽ എത്തിക്കും. 2030 ഓടെ സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകത 19000 മെഗാ വാട്ടാകുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നത്. അതിന്റെ ഭാഗമായാണ് പുതിയ സബ് സ്റ്റേഷനുകളും ലൈനുകളും ഒരുക്കുന്നത്. 2040 ഓടെ കേരളത്തിൽ ആവശ്യമുള്ള നൂറ് ശതമാനം വൈദ്യുതിയും പുനരുപയോഗ ഊർജ സ്രോതസിൽ നിന്ന് ലഭ്യമാക്കും. ഊർജ ഉപയോഗത്തിന് നാം സവിശേഷ സംസ്‌കാരം രൂപപ്പെടുത്തണം. ഫോസിൽ ഇന്ധനത്തിന് പകരം വൈദ്യുതി ഉപയോഗത്തിലേക്ക് മാറണം. നിലവിൽ പുറത്ത് നിന്നുള്ള കൽക്കരി വൈദ്യുതിയെ ആശ്രയിക്കുന്നുണ്ട്. ഇതിന് പകരം കൂടുതൽ ജലസംഭരണികൾ ഉപയോഗിച്ച് വൈദ്യുതി കൂടുതൽ ഉൽപാദിപ്പിക്കണം. ഭാവിയുടെ ഇന്ധനമായ ഹൈഡ്രജൻ ഉപയോഗിച്ച് ഗതാഗത മേഖല നവീകരിക്കാനാകും. അതിനാവശ്യമായ നടപടിയും സ്വീകരിക്കുന്നുണ്ട്. ഇടതടവില്ലാതെ മുഴുവൻ പേർക്കും വൈദ്യുതി എത്തിക്കുകയാണ് ലക്ഷ്യം. ഭൂപ്രകൃതി, പ്രാദേശിക സൗകര്യം എന്നിവ പരിഗണിച്ചാണ് സർക്കാർ പുതിയ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗുണമേന്മയുള്ള വൈദ്യുതി തടസ്സ രഹിതമായി ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ പ്രസരണമേഖല കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സബ് സ്റ്റേഷൻ നിർമ്മിച്ചത്. പറാംകുന്നിലെ 110 കെ വി സബ് സ്റ്റേഷനോട് ചേർന്നുള്ള സ്ഥലത്താണ് ഇൻഡോർ ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചത്. 100 എം വി എ ശേഷിയുള്ള രണ്ട് 220/110 കെ വി ട്രാൻസ്ഫോർമറുകളും 20 എം വി എ ശേഷിയുള്ള രണ്ട് 110/11 കെ വി ട്രാൻസ്ഫോർമറുകളുമാണ് സബ്സ്റ്റേഷനിലുള്ളത്.
തലശ്ശേരി, കൂത്തുപറമ്പ്, പാനൂർ നഗരസഭകളിലെയും പിണറായി, കതിരൂർ, പെരളശ്ശേരി, വേങ്ങാട്, പാട്യം, എരഞ്ഞോളി, ചൊക്ലി, ന്യൂമാഹി, കുന്നോത്തുപറമ്പ്, ധർമ്മടം, പന്ന്യന്നൂർ തുടങ്ങിയ പഞ്ചായത്തുകളിലെയും പ്രദേശങ്ങളിൽ നേരിട്ടും കണ്ണൂർ കോർപറേഷൻ പരിധിയിൽ ഭാഗികമായും പ്രയോജനം ലഭിക്കും. ചുരുങ്ങിയ സ്ഥലത്ത് ഏറ്റവും അത്യാധുനികമായ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സബ് സ്റ്റേഷനെന്നതാണ് ഇതിന്റെ പ്രത്യേകത. സാധാരണ 220 കെ വി സബ്സ്റ്റേഷന് അഞ്ച് ഏക്കർ സ്ഥലമെങ്കിലും ആവശ്യമാണ്. എന്നാൽ ജി ഐ സബ്സ്റ്റേഷൻ ഒരു കെട്ടിടത്തിനുള്ളിൽ ഒതുങ്ങും. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തി നടത്തിയത്. സബ് സ്റ്റേഷന് 60 കോടി രൂപയും 31 മീറ്റർ പ്രസരണ ലൈൻ ഒരുക്കാൻ 110 കോടിയുമാണ് ചെലവായത്. ജില്ലയിലെ വ്യവസായ, കാർഷിക മേഖലകൾക്ക് ഈ സബ്സ്റ്റേഷൻ ഉണർവ് പകരും. പ്രസരണ വിതരണ സംവിധാനം കാര്യക്ഷമമാകുന്നതോടെ വ്യവസായത്തിന് ഇടതടവില്ലാതെ വൈദ്യുതി ലഭിക്കും. അരീക്കോട് നിന്നാണ് വടക്കൻ കേരളത്തിലേക്ക് വൈദ്യുതി എത്തുന്നത്. ലൈനിൽ തകരാറ് സംഭവിച്ചാൽ വൈദ്യുതി വിതരണം തടസ്സപ്പെടാറുണ്ട്. ഇതിന് പരിഹാരമായി ഉഡുപ്പിയിൽ നിന്ന് കാസർകോട് കരിന്തളത്തേക്ക് ലൈൻ വലിക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. കക്കയത്ത് നിന്നുള്ള ലൈൻ കൂടി വരുന്നതോടെ ഉഡുപ്പി വരെ നീളുന്ന വൈദ്യുതി കോറിഡോറിന്റെ ഭാഗം കൂടിയായി തലശ്ശേരി മാറും.
വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ മുഖ്യാതിഥിയായി. എം പിമാരായ കെ മുരളീധരൻ, ഡോ. വി ശിവദാസൻ എന്നിവർ മുഖ്യാതിഥികളായി. ചീഫ് എഞ്ചിനീയർ ആർ രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ, കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി സനിൽ, ജില്ലാ പഞ്ചായത്ത് അംഗം എ മുഹമ്മദ് അഫ്സൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി വി സന്തോഷ്, ഗ്രാമപഞ്ചായത്ത് അംഗം ഭാസ്‌കരൻ കൂരാറത്ത്, കെ എസ് ഇ ബി ട്രാൻസ്മിഷൻ ആന്റ് സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ ഡോ. എസ് ആർ ആനന്ദ്, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഐ ടി അരുണൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു