കണ്ണൂർ:-സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തിയ ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷയില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നജീദ സാദിഖ് മികച്ച വിജയം നേടി. തില്ലങ്കേരി ഡിവിഷനില്‍ നിന്നും വിജയിച്ച് ഭരണ സമിതിയിലെത്തിയ നജീദ ചുമതല ഏറ്റെടുക്കുമ്പോള്‍ തന്നെ ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സിനും രജിസ്റ്റര്‍ ചെയ്തു. ചാല ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും പത്താംതരം വിജയിച്ചതിന് ശേഷം ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സ് പഠിച്ചു. തുടര്‍ പഠനം നടന്നില്ല.
നോഡല്‍ പ്രേരക് എ ജിജിന ആണ് ഹയര്‍ സെക്കന്ററി പഠനത്തിന് വഴി കാട്ടിയായതെന്ന് നജീദ പറഞ്ഞു. മട്ടന്നൂരിലെ ചുമട്ട് തൊഴിലാളിയായ ഭർത്താവ് സാദിഖിന്റെ പൂര്‍ണ്ണ പിന്തുണയുമുണ്ട്. മലയാളം സാഹിത്യത്തില്‍ ബിരുദപഠനത്തിനുള്ള തയ്യാറെടുപ്പിലാണ് നജീദ.