കണ്ണൂർ:-ജില്ലാ പഞ്ചായത്തിന്റെയും എക്‌സൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ വിമുക്തി ശില്പശാല സംഘടിപ്പിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.ലഹരിസംഘങ്ങളുടെ കണ്ണികളറുക്കാന്‍ വിദ്യാലയങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് പി പി ദിവ്യ പറഞ്ഞു. ലഹരി ഉപയോഗത്തിലൂടെ വലിയ വിപത്തിലേക്കാണ് സമൂഹം പോകുന്നത്. എന്നാല്‍ സ്‌കൂളുകളില്‍ ലഹരിക്കെതിരെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണ ലഭിക്കുന്നില്ല. വിദ്യാര്‍ഥികളെ ലഹരി ഉപയോഗത്തില്‍ പിടിക്കപ്പെട്ടാല്‍ അത് സ്‌കൂളിന് അപമാനകരമാകും എന്ന കാരണത്താല്‍ പുറം ലോകത്തെ അറിയിക്കാതെ ഒത്തു തീര്‍ക്കുകയാണ് പല സ്‌കൂളുകളിലും. ഇത് മാറണം. രക്ഷിതാക്കളെ ബോധവല്‍ക്കരിക്കാനും ഇതോടൊപ്പം അധ്യാപകര്‍ക്ക് സാധിക്കണം. സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ ഇതിനായി മുന്നിട്ടിറങ്ങണം. അവര്‍ പറഞ്ഞു.
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ടി രാഗേഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി കെ സുരേഷ് ബാബു, യു പി ശോഭ, ആര്‍ ഡി ഡി കെ ആര്‍ മണികണ്ഠന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ വി അംബിക, എസ് എസ് കെ ജില്ലാ ഓഫീസര്‍ രാജേഷ്, ഹയര്‍ സെക്കണ്ടറി ജില്ലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എം കെ അനൂപ് കുമാര്‍, വിമുക്തി ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ എം സുജിത്ത്, വിമുക്തി മാനേജര്‍ ഇന്‍ ചാര്‍ജ് ഉനൈസ് അഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.
വിമുക്തി മിഷന്റെ പദ്ധതികളെ പറ്റിയും പ്രവര്‍ത്തനങ്ങളെ പറ്റിയും ജില്ലാ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി എല്‍ ഷിബു വിശദീകരിച്ചു. 2016 ല്‍ ആരംഭിച്ച വിമുക്തിയുടെ ആഭിമുഖ്യത്തില്‍ ലഹരി വിമുക്ത ക്യാമ്പയിന്റെ മൂന്നാം ഘട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. മുഴുവന്‍ സ്‌കൂളുകളിലും വിമുക്തി ക്ലബുകള്‍ രൂപീകരിക്കുകയും വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. വിദ്യാര്‍ഥികളെ ലഹരിയില്‍ നിന്നും മുക്തമാക്കാന്‍ അധ്യാപകരെ സഹായിക്കുന്നതിനായി വിമുക്തി മിഷന്റെ ഭാഗമായി നേര്‍വഴി പദ്ധതിയും നടപ്പിക്കി. ഇതോടൊപ്പം വിദ്യാര്‍ത്ഥികളില്‍ കായിക ലഹരി ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടി സ്‌കൂളുകളില്‍ സ്‌പോര്‍ട്‌സ് കിറ്റുകളും വിമുക്തി മിഷന്റെ ഭാഗമായി നല്‍കുന്നു. കുട്ടികളെ കൈവിടാതെ ചേര്‍ത്തു പിടിച്ചാല്‍ മാത്രമേ സമൂഹത്തിന്റെ ഭാവി സുരക്ഷിതമാകൂ എന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍, പ്രധാനാധ്യാപകര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു