കണ്ണൂര്‍:- ഗവ. മെഡിക്കല്‍ കോളേജില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിച്ച സിന്തറ്റിക് ട്രാക്കിന്റെയും ഫുട്‌ബോള്‍ സ്റ്റേഡിയത്തിന്റെയും ഉദ്ഘാടനം ഞായറാഴ്ച (സെപ്തംബര്‍ 24) രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നടക്കുന്ന ചടങ്ങില്‍ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും.
ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏഴുകോടി രൂപയാണ് ട്രാക്കിനായി അനുവദിച്ചിരുന്നത്. ഐ എ എ എഫ് സ്റ്റാന്‍ഡേര്‍ഡ് എട്ട് ലൈന്‍ സിന്തറ്റിക്ക് ട്രാക്ക്, ജമ്പിംഗ് പിറ്റ്, ട്രാക്കിന്റെ സുരക്ഷക്കായുള്ള ഫെന്‍സിങ്, കാണികള്‍ക്കായുള്ള പവലിയന്‍, കായിക താരങ്ങള്‍ക്ക് ഡ്രസ് ചെയ്ഞ്ചിങ്ങ് റൂം, ടോയ്‌ലെറ്റ് എന്നിവ പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്‍ ടര്‍ഫിനായി എംഎല്‍എ ഫണ്ടില്‍ നിന്നു 60 ലക്ഷം രൂപയും അനുവദിച്ചിരുന്നു.
സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പിന്റെ സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്റെ മേല്‍നോട്ടത്തില്‍ ന്യൂഡല്‍ഹി സിന്‍കോട്ട് ഇന്റര്‍നാഷണലാണ് സിന്തറ്റിക് ട്രാക്കിന്റെ നിര്‍മാണ പ്രവൃത്തി നടത്തിയത്. വികെഎം ഫുട്‌ബോള്‍ ടര്‍ഫ് ആലുവയാണ് ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ പ്രവൃത്തി ഏറ്റെടുത്തത്.