പയ്യന്നൂർ :- പയ്യന്നൂർ നഗരസഭ ഖരമാലിന്യ പരിപാലന പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി സാമ്പിൾ പഠനം നടത്തുന്നതിനുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു. നഗരസഭാധ്യക്ഷ കെ വി ലളിതയിൽ നിന്നും ഹരിതകർമ്മസേന പ്രവർത്തകർ ഏറ്റുവാങ്ങി. തിരഞ്ഞെടുത്ത വാർഡുകളിലെ നിശ്ചിത വീടുകളിൽ നിന്നും, കടകളിൽ നിന്നും തുടർച്ചയായി എട്ട് ദിവസങ്ങളിൽ ഉത്പാദിപ്പിക്കുന്ന ജൈവ അജൈവ മാലിന്യത്തിന്റെ അളവ് എടുത്താണ് സാമ്പിൾ പരിശോധനയ്ക്ക് അയക്കുക. ഇത്തരം പരിശോധന നടത്തുന്നതിലൂടെ നഗരസഭയിൽ ഉത്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ അളവ് തിട്ടപ്പെടുത്താം. അതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭയ്ക്കുള്ള സമഗ്രമായ ഖരമാലിന്യ പ്ലാൻ തയ്യാറാക്കുക.
ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി വി സജിത അധ്യക്ഷത വഹിച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ എ വി മധുസൂദനൻ, ഖരമാലിന്യ പരിപാലന പദ്ധതി എഞ്ചിനീയർ കെ വി അനൂപ്കുമാർ എന്നിവർ സംസാരിച്ചു.