തിരുവനന്തപുരം :- ഹൈക്കോടതി ഉത്തരവനുസരിച്ച് ഹൈസ്കൂളിൽ ഇംഗ്ലീഷ് അധ്യാപകരെ പ്രത്യേകം നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. ഭാഷാ അടിസ്ഥാനത്തിൽ ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കാൻ പിരീഡുകൾ കണക്കാക്കാനായി നിലവിലെ തസ്തികനിർണയ റിപ്പോർട്ട് പുതുക്കാനാണ് നിർദേശം.
ജില്ലകളിലെ ഫയലുകൾ മുഴുവനായി പരിശോധിച്ച് ഉറപ്പാക്കാൻ വിദ്യാഭ്യാസ ഓഫീസർ മാർക്ക് നവംബർ 15 വരെ സമയവും അനുവദിച്ചു. ഇതോടെ, ഈവർഷത്തെ സ്കൂൾ തസ്തിക നിർണയ റിപ്പോർട്ട് നീളുമെന്ന് ഉറപ്പായി. 1200 ഇംഗ്ലീഷ് അധ്യാപകരെ ഹൈസ്കൂളുകളിൽ പുതുതായി നിയമിക്കേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. ഇത്രയും തസ്തികകളിൽ സ്ഥിരാധ്യാപകരെ നിയമിക്കാനാവില്ലെന്നാണ് സാമ്പത്തികബാധ്യത ചൂണ്ടിക്കാട്ടി ധനവകുപ്പിന്റെ തടസ്സവാദം. അതിനാൽ, കോടതിയലക്ഷ്യം നേരിടാൻ താത്കാലിക അധ്യാപകരെ നിയമിക്കാനാണ് വിദ്യാഭ്യാസവകുപ്പിന്റെ നീക്കം.
കോടതി ഉത്തരവനുസരിച്ച്, ഇംഗ്ലീഷ് ഭാഷാവിഷയമായി പരിഗണിച്ച് ഇനി തസ്തിക നിർണയിക്കുമ്പോൾ നിലവിലെ അധ്യാപകരെ ബാധിക്കുമെന്നതാണ് ഭീഷണി. എന്നാൽ, ഇവരെ സംരക്ഷിക്കാനാണ് സർക്കാർ തീരുമാനമെന്ന് പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സി.എ. സന്തോഷ് വ്യക്തമാക്കി.കോടതി ഉത്തരവോടെ ഗത്യന്തരമില്ലാതെയാണ് ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കാനുള്ള സർക്കാർ നടപടിയെന്ന് കെ.പി.എസ്. ടി.എ. സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾ മജീദും ജനറൽസെക്രട്ടറി പി.കെ. അരവിന്ദനും കുറ്റപ്പെടുത്തി.