ബെംഗളൂരു : കേരളം ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിൽ നിന്ന് മൈസൂരു ദസറയ്ക്കുവരുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് കർണാടക ഗതാഗതവകുപ്പ് പ്രവേശന നികുതി ഒഴിവാക്കി. മൈസൂരു നഗരത്തിലേക്കും മാണ്ഡ്യ ജില്ലയിലെ കെ.ആർ.എസ് അണക്കെട്ടിലേക്കുമുള്ള വാഹനങ്ങൾക്കും പ്രവേശനനികുതി നൽകേണ്ടതില്ല. ദസറ ആഘോഷങ്ങൾ അവസാനിക്കുന്ന 24 വരെയാണിത്.
കേരളം ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിൽനിന്ന് ദസറ ആഘോഷങ്ങൾ കാണാനായി 3000-ത്തോളം ടാക്സികളും 300-ഓളം ടൂറിസ്റ്റ് ബസുകളുമാണ് പ്രതിദിനം കർണാടകത്തിലെത്തുന്നത്. നികുതിയിളവ് നൽകുന്നതോടെ കൂടുതൽ വാഹനങ്ങളെത്തി മൈസൂരുവിലെ വിനോദസഞ്ചാരമേഖലയ്ക്ക് നേട്ടമാകുമെന്നാണ് വിലയിരുത്തൽ. മുൻവർഷങ്ങളിലും സമാനമായരീതിയിൽ ടൂറിസ്റ്റ് വാഹനങ്ങൾക്ക് നികുതിയിളവ് നൽകിയിരുന്നു.