കണ്ണൂർ : കോർപറേഷൻ പരിധിയിൽ കണ്ണൂർ നഗരത്തിലെ പ്രീ പെയ്ഡ് ഓട്ടോ സർവീസ് അടുത്ത മാസം ആദ്യവാരം ആരംഭിക്കും. ട്രാഫിക് റഗുലേറ്ററി കമ്മിറ്റി ഈ മാസം തന്നെ ചേർന്ന് പ്രീപെയ്ഡ് യാത്രാ നിരക്കിന്റെ കാര്യത്തിൽ തീരുമാനമെടുക്കും. യാത്രക്കാർക്കും ഓട്ടോത്തൊഴിലാളികൾക്കും പ്രയാസമില്ലാതെ സർവീസ് ആരംഭിക്കാനുള്ള ആസൂത്രണമാണ് കോർപറേഷൻ നടത്തുന്നത്.
കഴിഞ്ഞ ദിവസം മേയർ ടി.ഒ. മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന ആർടിഒ -പൊലീസ് ഓട്ടോ തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ നിരക്ക് ഭേദഗതി ഓട്ടോ തൊഴിലാളി പ്രതിനിധികൾ സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ നിരക്ക് പരിശോധിക്കാൻ കമ്മിറ്റി ആർടിഒ യോട് നിർദേശിച്ചു. ഭേദഗതിയോടെ നിരക്ക് അംഗീകരിക്കാനാണ് തീരുമാനം. നിരക്കിന്റെ കാര്യത്തിൽ ഓട്ടോതൊഴിലാളികൾ വിയോജിച്ചതിനാൽ കഴിഞ്ഞയാഴ്ച്ച നിരക്ക് നിശ്ചയിക്കാൻ ചേർന്ന യോഗത്തിൽ തീരുമാനം എടുക്കാനായിരുന്നില്ല. ഇതേ തുടർന്നാണ് മേയറുടെ നിർദേശാനുസരണം ഓട്ടോ തൊഴിലാളി സംഘടനാ പ്രതിനിധികൾ നിരക്ക് ഭേദഗതി സമർപ്പിച്ചത്. പ്രീ പെയ്ഡ് നഗരപരിധിയുടെ കാര്യത്തിൽ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു.
തലശ്ശേരി ഭാഗത്തേക്ക് : കണ്ണോത്തുംചാൽ ചെക്ക് പോസ്റ്റ് ഇൻകം ടാക്സ് ഓഫിസ് ജംക്ഷൻ വരെ, തളിപ്പറമ്പ് ഭാഗത്തേക്ക്: പള്ളിക്കു ന്ന് പഴയ പോസ്റ്റ് ഓഫിസിന് സമീപം വരെ, അഴീക്കൽ ഭാഗത്തേക്ക് : പാമ്പൻ കണ്ടി വരെ, പയ്യാമ്പലം ഭാഗത്തേക്ക് : ഗേൾസ് സ്കൂൾ - കനിയിൽ പാലം നത്തൂർ അമ്പലം വരെ, സിറ്റി ഭാഗത്തേക്ക് : തയ്യിൽ വരെ, കക്കാട് ഭാഗത്തേക്ക് : താണയിൽ നിന്നും തെക്കി ബസാറിൽ നിന്നും കോർ ജാൻ സ്കൂൾ വരെ, തളാപ്പ് ഭാഗത്തേക്ക് : ലളിത സർവീസ് സെന്റർ (തളാപ്പ് അമ്പലം) വരെ, പാറക്കണ്ടി ഭാഗത്തേക്ക് : പാര ഭവൻ വരെ, ജില്ലാ ആശുപത്രി കോട്ട ഭാഗത്തേക്ക് : കുട്ടികളുടെ പാർക്ക് വരെ, കൊടപ്പറമ്പ് ഭാഗത്തേക്ക് : നാലുവയൽ വരെ എന്നിങ്ങനെയാണ് നഗരപരിധി നിശ്ചയിച്ചിട്ടുള്ളത്. അടുത്ത മാസം ആദ്യവാരത്തിൽ പെയ്ഡ് സർവീസ് ആഘോഷ പൂർവം ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം.