മികച്ച കർഷക ഉത്പാദക കമ്പനിക്കുള്ള ദേശീയ അവാർഡ് മയ്യിൽ അരി കമ്പനിക്ക് ; പൗരസ്വീകരണവുമായി നാട്ടുകാർ


മയ്യിൽ :- രാജ്യത്തെ മികച്ച കർഷക ഉത്പാദക കമ്പനിക്കുള്ള കോൺഫെഡറേഷൻ ഇന്ത്യൻ ഇൻഡസ്ട്രിയുടെ ദേശീയ അവാർഡ് ലഭിച്ച മയ്യിൽ അരി ഉത്പാദക കമ്പനി സാരഥികൾക്ക് നാട്ടുകാർ പൗരസ്വീകരണം നൽകി. മയ്യിൽ പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ കമ്പനിയുടെ അംഗങ്ങളായ കർഷകർ, ഭാരവാഹികൾ, പൊതുപ്രവർത്തകർ എന്നിവരെ ആനയിച്ച് ഘോഷയാത്രയും നടത്തി. ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പൊതുസമ്മേളനം ഡോ. വി.ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബർട്ട് ജോർജ്, ടി.കെ ഗോവിന്ദൻ, എൻ.വി.ശ്രീജിനി, കെ.പി രേഷ്മ, എം.വി ഓമന, രവി മാണിക്കോത്ത്, പി.പ്രീത, ഇ.എം സുരേഷ്ബാബു, ആത്മ പദ്ധതി ഡയറക്ടർ എം.എൻ പ്രദീപൻ, എസ്. പ്രമോദ്, എ.ടി രാമചന്ദ്രൻ, കൃഷി ഓഫീസർ അശോക് കുമാർ, ചെയർമാൻ കെ.കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. തിരുവനന്തപുരത്ത് നടന്ന കാലാവസ്ഥാ സമ്മേളനത്തിൽ മയ്യിൽ അരി ഉത്പാദക കമ്പനിയുടെ പ്രവർത്തനമാതൃകയുടെ ശാസ്ത്രീയ വശങ്ങൾ പ്രോജക്ടായി അവതരിപ്പിച്ച വിദ്യാർഥികളെ അനുമോദിച്ചു..


Previous Post Next Post