മാഹി :- വിശുദ്ധ അമ്മത്രേസ്യായുടെ അനുഗ്രഹത്തിനായി വ്രതാനുഷ്ടാനത്തോടെ പതിനായിരങ്ങൾ സെന്റ് തെരേസാ ദേവാലയത്തിനു മുന്നിലെ ദേശീയപാതയിൽ ശയനപ്രദക്ഷിണം നടത്തി. ഇന്നലെ രാത്രി 1നു ആരംഭിച്ച ശയനപ്രദക്ഷിണം രാവിലെ 6 വരെ നീണ്ടു. സെമിത്തേരി റോഡ് കവല മുതൽ പള്ളിക്ക് മുൻവശം നീളുന്ന പാതയിൽ വിരിച്ച ഷീറ്റി ലാണു ശയന പ്രദക്ഷിണം നടത്തിയത്.
സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ളവർ ശയന പ്രദക്ഷിണത്തിൽ പങ്കാളികൾ ആയി. വൊളന്റിയർമാരും കമ്മിറ്റി അംഗങ്ങളും തീർഥാടകർക്ക് സൗകര്യം ഒരുക്കി. പൊലീസ് ഗതാഗതം നിയന്ത്രിച്ചതിനാൽ വാഹനങ്ങൾക്കു തടസമുണ്ടായില്ല. രാവിലെ 10.30 ന് കോഴിക്കോട് രൂപത മൈത്രാൻ വർഗീസ് ചക്കാലക്കലിനു സ്വീകരണം നൽകി. ദേവാലയത്തിനു മുന്നിൽ 300 ബലൂണുകൾ ആകാശത്ത് പറത്തി മാഹിയിൽ ക്രൈസ്തവ വിശ്വാസം എത്തിയതിന്റെ മുന്നൂറാമ ത് വാർഷികം ആഘോഷിച്ചു. തിരുനാൾ ദിനത്തിലെ ദിവ്യബലിക്ക് മെത്രാൻ ഡോ.വർഗീസ് ചക്കാലക്കൽ നേതൃത്വം നൽകി. ഫാ.ജീവൻ വർഗീസ്, ഫാ.ടോണി ഗ്രേഷ്യസ് എന്നിവർ രാവിലെയും വൈകിട്ടും നടന്ന ദിവ്യബലിക്ക് കാർമികത്വം വഹിച്ചു. പാരിഷ് പാസ്റ്ററൽ കൗൺസിൽ നേതൃത്വം നൽകി. ഇന്ന് വൈകിട്ട് 6നു നടക്കുന്ന ദിവ്യബലിക്ക് താമരശ്ശേരി രൂപത മെത്രാൻ ഡോ. റെമീജി യോസ് ഇഞ്ചനാനിയിൽ കാർമികത്വം വഹിക്കും. 22നു തിരുനാൾ സമാപിക്കും.