കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ധർമശാസ്താ ക്ഷേത്രത്തിലെ 11-ാമത് മഹാരുദ്രയജ്ഞത്തിന് നാളെ ഒക്ടോബർ 31 ചൊവ്വാഴ്ച തുടക്കമാകും. ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും യജ്ഞാചാര്യൻ കിഴിയേടം രാമൻ നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ നവംബർ 11-വരെ വിശേഷാൽ പൂജകളും നടക്കും.
31-ന് രാവിലെ അഞ്ചിന് അഷ്ടദ്രവ്യ ഗണപതിഹോമം, ഏകാദശരുദ്രം ധാര, വൈകുന്നേരം ആറിന് ആചാര്യ വരണം എന്നിവ നടക്കും. എല്ലാ ദിവസവും രാവിലെ അഞ്ചിന് ഗണപതി ഹോമം 5.30 മുതൽ 8.30-വരെ ശ്രീരുദ്ര കലശപൂജ, ശ്രീരുദ്ര ഹോമം, ശ്രീരുദ്ര ജപം തുടർന്ന് ശ്രീവയത്തൂർ കാലിയാർ ക്ഷേത്രത്തിൽ രുദ്രാഭിഷേകം, ഉച്ചപൂജ, നവകം ഉച്ചപൂജ, വൈകീട്ട് ദീപാരാധനയ്ക്കുശേഷം ഭഗവതിസേവ, നിറമാല, അത്താഴപൂജ എന്നിവ നടക്കും.
നവംബർ 11-ന് രാവിലെ എട്ടിന് മഹാരുദ്ര യജ്ഞത്തിന്റെ വിശേഷാൽ ചടങ്ങായ വസോർധാര നടക്കും. സമാപന സഭയിൽ ക്ഷേത്രം തന്ത്രി, യജ്ഞാചാര്യൻ, മലബാർ ദേവസ്വം കമ്മിഷണർ പി നന്ദകുമാർ എന്നിവരെ ആദരിക്കും. കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്യും.
നവംബർ 4, 11 ദിവസങ്ങളിൽ ക്ഷേത്രത്തിൽ ഉച്ചയ്ക്ക് അന്നദാനവും ഒന്ന് മുതൽ 10-വരെ രാത്രി പ്രസാദ ഊട്ടും ഉണ്ടായിരിക്കും. യജ്ഞത്തോട് അനുബന്ധിച്ച് നവംബർ 1 മുതൽ 10 വരെ രാത്രി 7.30-ന് നടരാജ മണ്ഡപത്തിൽ വിവിധ കലാപരിപാടികൾ നടക്കും.