കോഴിക്കോട് :- കേരള നോളെജ് ഇക്കോണമി മിഷന്റെ എന്റെ തൊഴിൽ എന്റെ അഭിമാനം 2.0, തൊഴിലരങ്ങത്തേക്ക് പദ്ധതികളുടെ ഭാഗമായി പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പഞ്ചായത്ത് പ്രസിഡന്റുമാരുടെ ഏകദിന യോഗം ചേർന്നു. കാസർഗോഡ്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകൾ ഉൾപ്പെടുന്ന കോഴിക്കോട് റീജിയണൽ യോഗമാണ് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്നത്.നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല ആമുഖ പ്രഭാഷണം നടത്തി. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ കെ രാജീവൻ അധ്യക്ഷത വഹിച്ചു. അഞ്ച് ജില്ലകളിൽ നിന്നായി 87 പഞ്ചായത്ത് പ്രസിഡന്റുമാർ പങ്കെടുത്തു. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
എന്റെ തൊഴിൽ എന്റെ അഭിമാനം, തൊഴിലരങ്ങത്തേക്ക് പദ്ധതികളുടെ 2024 വരെയുള്ള പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു. കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾക്ക് തയ്യാറെടുക്കേണ്ട രീതികളെ കുറിച്ച് അഡ്വ. ബിലാൽ മുഹമ്മദ് ക്ലാസെടുത്തു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ ഗ്രൂപ്പ് തിരിഞ്ഞ് പഞ്ചായത്തുകളിൽ നടത്തേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. ചർച്ചയിൽ നിന്ന് ക്രോഡീകരിച്ച ആശയങ്ങൾ അവതരിപ്പിച്ചു.
എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിക്കുകീഴില്‍ രജിസ്റ്റര്‍ ചെയ്ത 399 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 357 ഗ്രാമ പഞ്ചായത്തുകളിലെ അധ്യക്ഷന്മാരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. തെരഞ്ഞെടുത്ത 357 ഗ്രാമപഞ്ചായത്തുകളെ കോഴിക്കോട് , തൃശൂർ , തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ചാണ് യോഗം നടത്തുന്നത്.
18 നും 59 നും ഇടയിൽ പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് വിജ്ഞാന തൊഴിൽ ലഭ്യമാക്കുന്ന പദ്ധതിയാണ് എന്റെ തൊഴിൽ എന്റെ അഭിമാനം. പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള 18 വയസ്സിനും 59 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീ തൊഴിലന്വേഷകരാണ് തൊഴിലരങ്ങത്തേക്ക് പദ്ധതിയുടെ ഗുണഭോക്താക്കൾ. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നോളെജ് ഇക്കോണമി മിഷൻ റീജിയണൽ പ്രോഗ്രാം മാനേജർ ഡയാന തങ്കച്ചൻ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ സാബു എന്നിവർ പങ്കെടുത്തു.