കണ്ണൂർ :- കെപിസിസി പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റി ഏർപ്പെടുത്തിയ പ്രഥമ ‘പ്രിയദർശിനി സാഹിത്യ പുരസ്കാരം’ നവംബർ 29ന് കണ്ണൂരിൽ വെച്ചു മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് പ്രമുഖ കഥാകൃത്ത് ശ്രീ ടി പദ്മനാഭന് മുൻ കോൺഗ്രസ്സ് അധ്യക്ഷൻ ശ്രീ രാഹുൽ ഗാന്ധി സമ്മാനിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി അറിയിച്ചു. ഒരു ലക്ഷം രൂപയും ആർട്ടിസ്റ് ബി ഡി ദത്തൻ രൂപ കല്പന ചെയ്ത ശില്പവും, പ്രശസ്തിപത്രവുമാണ് അവാർഡ്.
ജനാധിപത്യ ധൈഷണികതയുടെ പ്രതി സ്പന്ദനമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സർഗ്ഗാത്മക വ്യക്തിത്വങ്ങളെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാഹിത്യ അവാർഡ് വർഷം തോറും സമർപ്പിക്കുവാൻ തീരുമാനിച്ചത്.ധൈഷണിക ചിന്തയെ ജാഗ്രതപ്പെടുത്തി, സാമൂഹ്യ മാറ്റത്തിന്റെ ചാലക ശക്തിയാക്കിയാൽ മാത്രമേ ഇന്ന് സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന പല സങ്കീർണതകൾക്കും പരിഹാരമുണ്ടാക്കാനാകൂ. അത്തരമൊരു പശ്ചാത്തലത്തിൽ സർഗ്ഗാത്മക മനസ്സുകൾക്ക് വളരെ പ്രസക്തിയുണ്ട്. ജനാധിപത്യ മതേതര ധാരകളെ കർമോന്മുഖമാക്കി ഏകോപിപ്പിക്കേണ്ട ഉത്തരവാദിത്വവും നിർവ്വഹിക്കേണ്ടതുണ്ട്. ഈയൊരു ലക്ഷ്യം മുൻ നിർത്തി പ്രവർത്തിക്കുന്ന സർഗാത്മക മനസ്സുകളെ ആദരിക്കുക എന്നത് സമൂഹത്തിന്റെ ആകെ ഉത്തരവാദിത്വവുമാണ്.ആ ചുമതലയാണ് കെപിസിസി നിർവ്വഹിക്കുന്നത്.
പ്രഥമ അവാർഡ് എന്ന നിലയിൽ ഇത്തവണ സാഹിത്യത്തിലെ സമഗ്ര സംഭാവനക്കാണ് അവാർഡ് നൽകുന്നത്. തുടർന്നും അതാത് വർഷം പ്രസിദ്ധീകരിക്കുന്ന മികച്ച സാഹിത്യ കൃതിക്ക് പുരസ്‌കാരം നൽകും. അടൂർ ഗോപാലകൃഷ്ണൻ ചെയർമാനും, യു.കെ കുമാരൻ, ഗ്രേസി, സുധാ മേനോൻ, അഡ്വ. പഴകുളം മധു എന്നിവർ അംഗങ്ങളുമായുള്ള സമിതിയാണ് ടി.പദ്മനാഭനെ അവാർഡിന് തെരഞ്ഞെടുത്തത്.
കഥയെഴുത്തിൽ ഏഴര പതിറ്റാണ്ടു പിന്നിട്ട ടി.പദ്മനാഭൻ മലയാളത്തിന്റെ അഭിമാനമാണ്. എഴുത്തുകാരന് സമൂഹത്തോടുള്ള ഉത്തരവാദിത്വം എന്നും ഉയർത്തിപ്പുടിച്ചിട്ടുള്ള മതേതര ജനാധിപത്യ കാഴ്ചപ്പാടുള്ള വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്ന് അവാർഡ് നിർണയ സമിതി വിലയിരുത്തി.
കഥാസാഹിത്യത്തിന്റെ അനന്തസാദ്ധ്യതകൾ മലയാളത്തെ ബോദ്ധ്യപ്പെടുത്തിയ കഥാകൃത്താണ് ടി.പത്മനാഭൻ. കവിതയോടടുത്തുനിൽക്കുന്ന സാന്ദ്രതയാണ് അദ്ദേഹത്തിന്റെ കഥകളുടെ മുഖമുദ്ര. ജീവിതത്തിന്റെ സങ്കീർണ്ണമായ ബഹുമുഖങ്ങളുടെ ഭാവതീഷ്ണമായ ആവിഷ്കാരം കൊണ്ട് വായനക്കാരന്റെ മനസ്സിൽ സൃഷ്ടിക്കുന്ന അനുഭവലോകം വളരെ വലുതാണ്. കഥ വായിച്ചു തീർന്നാലും മനസ്സിലെ തീരാത്ത വിങ്ങലുകളാണ് പത്മനാഭൻ കഥകളുടെ തീവ്രാനുഭവം. കഥകൾ മാത്രമേ എഴുതൂ എന്നുറപ്പിച്ച കഥാകാരൻ. അപാരമായ മാനവികതയാണ് ആ കഥാലോകം സൃഷ്ടിച്ചതെന്നും അവാർഡ് നിർണയ സമിതി അഭിപ്രായപ്പെട്ടു.
നവംബർ 29 ന് ഉച്ചക്ക് 3 മണിക്കാണ് രാഹുൽ ഗാന്ധി കണ്ണൂരിൽ എത്തുന്നത്.കണ്ണൂർ സാധു കല്യാണ മണ്ഡപത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.കേരളത്തിലെ പ്രമുഖ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും അവാർഡ്ദാന ചടങ്ങിൽ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ കെപിസിസി ജനറൽ സെക്രെട്ടറിയും പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റി വൈസ് ചെയർമാനുമായ അഡ്വ.പഴകുളം മധു, കണ്ണൂർ ഡി സി സി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് എന്നിവരും പങ്കെടുത്തു.