കണ്ണൂർ :- വില്ലേജ് ഓഫിസർമാരില്ലാത്തതിനാൽ ദുരിതത്തിലായി ജനം. തൊട്ടടുത്തുള്ള വില്ലേജിലെ ഓഫിസർമാർക്ക് അധികച്ചുമതല നൽകിയിട്ടുണ്ടെങ്കിലും സ്വന്തം ഓഫിസിലെ തിരക്കിൽ നിന്ന് ഇടവേളയെടുക്കാൻ കഴിയാതെ ഓഫിസർമാർ വലയുകയാണ്. ഇതോടെ വിദ്യാർഥികളുടെ സ്കോളർഷിപ് അപേക്ഷയുൾപ്പെടെയുള്ളവ വൈകുകയാണന്നു രക്ഷിതാക്കളും ആരോപിക്കുന്നു.
ശിവപുരം, പന്ന്യന്നൂർ, കോട്ടയം, എരഞ്ഞോളി, കൊളവല്ലൂർ, കതിരൂർ വില്ലേജ് ഓഫിസുകളിൽ ഓഫിസർമാരില്ല. തൊട്ടടുത്തുള്ള വില്ലേജ് ഓഫിസർമാർക്ക് അധികച്ചുമതലയാണു നൽകിയിട്ടുള്ള കരിക്കോട്ടക്കരി, ന്യൂമാഹി എന്നിവിടങ്ങളിലും വില്ലേജ് ഓഫി സർമാരുടെ ഒഴിവുണ്ട്. ആലപ്പടമ്പ് വില്ലേജ് ഓഫിസർ ഇന്ന് അവധിയിൽ പ്രവേശിക്കുന്നതിനാൽ പകരം വില്ലേജ് ഓഫിസറെ നിയമിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. നിയമന ഉത്തരവ് വന്നിട്ടില്ല.
വയത്തൂരും സമാനസ്ഥിതിയാണ്. അവിടെയുള്ള വില്ലേജ് ഓഫിസർക്ക് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടുണ്ടെങ്കിലും പകരം നിയമനം എന്നു സാധ്യമാകുമെന്നതിൽ വ്യക്തതയില്ല. പരിയാരം, നടുവിൽ, പിണറായി, മൊകേരി, കുറുമാത്തൂർ വില്ലേജ് ഓഫിസർമാർക്കു സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ടെങ്കിലും പകരം ആളെത്താത്തതിനാൽ തസ്തിക ഒഴിഞ്ഞിട്ടില്ല.