സില്‍ക്യാര ടണല്‍ രക്ഷാദൗത്യം ; ഓഗർ മെഷീൻ പുറത്തെടുത്തു, ഡ്രില്ലിങ് ഉടൻ പുനരാരംഭിക്കും


ദില്ലി : ഉത്തരാഖണ്ഡിലെ സില്‍ക്യാര ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ദൗത്യത്തില്‍ വീണ്ടും പ്രതീക്ഷ. ഡ്രില്ലിങിനിടെ പൈപ്പിനകത്ത് കുടുങ്ങിയ ഓഗര്‍ മെഷീന്‍റെ യന്ത്രഭാഗം പൂര്‍ണമായും പുറത്തെടുത്തുവെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി പറഞ്ഞു. ഡ്രില്ലിങ് നടപടികള്‍ ഉടന്‍ പുനരാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഗര്‍ മെഷീന്‍ കുടുങ്ങിയതോടെ രക്ഷാദൗത്യം വീണ്ടും പ്രതിസന്ധിയിലായിരുന്നു. നേരിട്ടുള്ള ഡ്രില്ലിങ് ആണ് നിര്‍ത്തിവെക്കേണ്ടിവന്നത്. ഇതോടെ മലമുകളില്‍നിന്ന് ലംബമായുള്ള ഡ്രില്ലിങും ആരംഭിക്കുകയായിരുന്നു. ഓഗര്‍ മെഷീന്‍ കുടുങ്ങിയതോടെ നേരിട്ടുള്ള ഡ്രില്ലിങ് പ്രതിസന്ധിയിലായിരുന്നു. യന്ത്ര ഭാഗം നീക്കിയ ശേഷം മാത്രമേ വിദഗ്ധർക്ക് പൈപ്പിൽ കയറി ഇരുമ്പ് കമ്പിയും സ്റ്റീൽ ഭാഗങ്ങളും മുറിക്കാനാകു. മെഷീന്‍ നീക്കിയതോടെ ഇതിനുള്ള നടപടികളും ആരംഭിക്കാനാകും. ഓഗര്‍ മെഷീന്‍ പുറത്തെടുത്തതിന് പിന്നാലെ രാവിലെ പത്തോടെ പൈപ്പിനുള്ളിൽ കയറി ഡ്രിൽ ചെയ്യാനുള്ള സംഘം എത്തി. ഉച്ചയോടെ ഡ്രില്ലിങ് പുനരാരംഭിക്കാനാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

തൊഴിലാളികള്‍ കുടുങ്ങിയിട്ട് ഇന്നത്തേക്ക് 16 ദിവസം പിന്നിടുകയാണ്. ഇതോടൊപ്പം സില്‍ക്യാര രക്ഷാദൗത്യം പതിനാറാം ദിവസത്തിലേക്കും കടന്നു. അവസാന ഘട്ടത്തിൽ ശേഷിക്കുന്നത് 10 മീറ്റർ താഴെ ആയതിനാൽ ഇന്ന് എത്ര വേഗത്തിൽ തുരക്കൽ പൂർത്തിയാകുമെന്നതിന് അനുസരിച്ച് ആവും തൊഴിലാളികളുടെ മോചനം.ഇതിനിടെ, രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ട്രയല്‍ റണ്‍ കഴിഞ്ഞദിവസം നടന്നിരുന്നു. സ്റ്റേക്ച്ചര്‍ ഉപയോഗിച്ച് തുരങ്കത്തില്‍ നിന്ന് ആളുകളെ രക്ഷിച്ച് കൊണ്ട് വരുന്നതിന്റെ ട്രയലാണ് നടന്നത്. നേരത്തെ നിര്‍ത്തി വെച്ചിരുന്ന ഡ്രല്ലിംഗ് വൈകാതെ പുനരാരംഭിക്കുമെന്നാണ് ദൗത്യ സംഘം അറിയിക്കുന്നത്. അതേസമയം, തൊഴിലാളികളെ രക്ഷിക്കാനുള്ള ഒരുക്കങ്ങള്‍ പുറത്ത് പൂർത്തിയായിരിക്കുകയാണ്. രക്ഷപ്പെടുത്തുന്ന തൊഴിലാളികൾക്കായി 41 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. ഉത്തരകാശിയിൽ ടണലിനടുത്തുള്ള ചിന്യാലിസൗറിലാണ് ആശുപത്രി സജ്ജീകരിച്ചത്. വൈദ്യപരിശോധന ഇവിടെ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ചിന്യാലിസൗറിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്.

Previous Post Next Post