ക്ലാസ്മുറിക്കുള്ളിൽ തെരുവുനായ ആക്രമണം ; വിദ്യാർത്ഥിക്ക് പരിക്കേറ്റു


പാലക്കാട് : പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ക്ലാസ്മുറിക്കുള്ളിൽ തെരുവുനായ ആക്രമണം. ആറാം ക്ലാസ് വിദ്യാർത്ഥിക്കാണ് ക്ലാസ് നടക്കുന്ന സമയത്ത് കടിയേറ്റത്. രാവിലെ പത്തരക്കാണ് സംഭവം. ഒന്നാമത്തെ പീരിയഡ് നടക്കുന്ന സമയത്താണ് വാതിലിന് സമീപത്ത് ഒന്നാമത്തെ ബെഞ്ചിലിരുന്ന വിദ്യാർത്ഥിനിക്ക് കടിയേറ്റത്. നായ പെട്ടെന്ന് അകത്തേക്ക് പാഞ്ഞുവരികയായിരുന്നു. കുട്ടിയുടെ വലതുഭാ​ഗത്തെ ഇടുപ്പിനാണ് കടിയേറ്റത്. കുട്ടിയെ അവിടെ നിന്ന് മാറ്റി, അധ്യാപകർ ചേർന്നാണ് നായയെ ഓടിച്ചത്. കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തിവെപ്പിന് ശേഷം കുട്ടിയെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്നും പിതാവ് അറിയിച്ചു.

രണ്ടാഴ്ചയിലേറെയായി ഇവിടെ നായശല്യം കൂടുതലാണെന്നും കുട്ടിയുടെ പിതാവ് പറയുന്നു. നായ് സ്കൂൾ പരിസരത്ത് ഓടി നടക്കുന്നത് കണ്ടതിന്റെ പശ്ചാത്തലത്തിൽ ക്ലാസ് മുറികൾ അടച്ചിടണമെന്ന് ഹെഡ്മാസ്റ്റർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ക്ലാസ് മുറി തള്ളിത്തുറന്നാണ് നായ അകത്ത് കയറിയതും കുട്ടിയെ ആക്രമിച്ചതും. 

Previous Post Next Post