തായ്‌ലന്‍ഡ് കപ്പ് കരാട്ടെ ചാമ്പ്യൻ കെ.പി ഫൈസലിന് ദുല്‍ദുല്‍ ഫ്രണ്ട്‌സ് പാമ്പുരുത്തിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി


മട്ടന്നൂര്‍ :- ബാങ്കോക്കില്‍ നടന്ന തായ്‌ലന്‍ഡ് കപ്പ് ഇന്റര്‍നാഷണല്‍ കരാട്ടെ ടൂര്‍ണമെന്റില്‍ ജേതാവായ പാമ്പുരുത്തി സ്വദേശി കെ.പി ഫൈസലിന് ദുല്‍ദുല്‍ ഫ്രണ്ട്‌സ് പാമ്പുരുത്തിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. നവംബര്‍ 3 മുതല്‍ നവംബര്‍ 5 വരെ ബാങ്കോക്കില്‍ നടന്ന തായ്‌ലന്‍ഡ് കപ്പ് ഇന്റര്‍നാഷണല്‍ കരാട്ടെ ടൂര്‍ണമെന്റിലാണ് പാമ്പുരുത്തി കൊവ്വപ്പുറത്ത് കെ.പി ഫൈസല്‍ കത്ത വിഭാഗത്തില്‍ ചാമ്പ്യന്‍ പട്ടം നേടിയത്.

ദുല്‍ ദുല്‍ ഫ്രണ്ട്‌സ് മുന്‍ പ്രസിഡണ്ടും ഷാര്‍ജ ബ്ലാക്ക് ഡ്രാഗണ്‍ കരാട്ടെ സെന്ററിന്റെ സ്ഥാപകനുമായ കെ.പി ഫൈസല്‍ ബാങ്കോക്കില്‍നിന്ന് നാട്ടിലെത്തിയപ്പോഴാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയത്. ബൊക്കെ നല്‍കിയും മറ്റുമാണ് ദുല്‍ദുല്‍ ഫ്രണ്ട്‌സ് ഭാരവാഹികള്‍ സ്വീകരിച്ചത്.

 കെ പി ഫൈസലിനോടൊപ്പം ഫസ്റ്റ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ് ഒന്നിച്ച് പൂര്‍ത്തിയാക്കിയ ദുല്‍ദുല്‍ ഫ്രണ്ട്‌സ് മുന്‍ സെക്രട്ടറി വി കെ ജാഫര്‍ ബൊക്കെ നല്‍കി. ദുല്‍ദുല്‍ ഫ്രണ്ട്‌സ് പ്രസിഡണ്ട് കെ സി അബ്ദുല്‍ ജബ്ബാര്‍, സെക്രട്ടറി എം അബ്ദുല്‍ഖാദര്‍, ജോയിന്റ് സെക്രട്ടറി വി കെ ഷഫീഖ്, ട്രഷറര്‍ കെ ഷാജി, ജോയിന്റ് സെക്രട്ടറി കെ പി ഉബൈദ്, ടീം അംഗങ്ങളായ എ ഷിജു, എം ഷൗക്കത്തലി എന്നിവരാണ് സ്വീകരണം നല്‍കാനെത്തിയത്. ഫൈസലിന്റെ എല്ലാവിധ ഉയര്‍ച്ചയിലും ക്ലബ്ബിന്റെ സര്‍വവിധി പിന്തുണയും ഇനിയുമുണ്ടാവുമെന്ന് ദുല്‍ദുല്‍ ചെയര്‍മാന്‍ വി കെ സത്താര്‍ അറിയിച്ചു. കെ പി ഫൈലസല്‍ മറുപടിപ്രസംഗം നടത്തി.

കമ്പില്‍, പാമ്പുരുത്തി തുടങ്ങിയ സ്ഥലങ്ങളിലും വിവിധ സ്‌കൂളുകളിലും ഫൈസല്‍ കരാത്തെ പരിശീലനം നല്‍കിയിരുന്നു. സെന്‍സെയ് ഗ്രാന്റ് മാസ്റ്റര്‍ പി അമീര്‍ കണ്ണാടിപ്പറമ്പിനു കീഴിലാണ് ഫൈസല്‍ കരാട്ടെ പഠനം തുടങ്ങിയത്.

Previous Post Next Post