മൂന്നാർ :- അഞ്ചുനാടിലെ കാന്തല്ലൂരിൽ നിന്നും വീണ്ടും പുതുമയുള്ള വർത്തമാനം. കാർഷിക രംഗത്ത് പുതിയ പരീക്ഷണങ്ങൾക്ക് എന്നും വേദിയാണ് ശീതകാല പച്ചക്കറിയുടെ ഗ്രാമമെന്ന നിലയിൽ ശ്രദ്ധേയമായ കാന്തല്ലൂർ. ഇത്തവണ കുങ്കുമ പൂവ് വിരിഞ്ഞതാണ് വിശേഷം. കാന്തല്ലൂർ പട്ടിനും ആപ്പിളിനും പിന്നാലെയാണ് കുങ്കുമ പൂവ്. വിഎഫ്‌പിസികെ ജീവനക്കാരൻ ബിരാമമൂർത്തിയാണ് തന്റെ പെരുമലയിലെ 12 സെന്റ് ഭൂമിയിൽ കുങ്കുമ പൂവ് വിരിയിച്ചത്. രാജ്യത്ത് കാശ്മീരിൽ മാത്രമാണ് കുങ്കുമ പൂവ് വളരുന്നത്. രാമമൂർത്തി പരീക്ഷണാടിസ്ഥാനത്തിലാണ് കാശമീരിൽ നിന്നും വിത്തു കൊണ്ടു വന്നത്. കഴിഞ്ഞ വർഷം കനത്ത മഴ ചതിച്ചുവെങ്കിലും നിരാശപ്പെട്ടില്ല. ഇത്തവണ എന്തായാലും പൂവ് വിരിഞ്ഞു. കാന്തല്ലൂർ പട്ടായിരുന്നു മുമ്പ് വാർത്തകളിൽ ഇടം പിടിച്ചത്. 1980 കളിലായിരുന്നു മൂന്നാർ ടാറ്റാ ടീയിൽ നിന്നും വിരമിച്ച രാമയ്യ ആനക്കാൽപ്പെട്ടിയിലെ സ്ഥലത്ത് മൾബറി ചെടി വളർത്തിയതും പട്ടുനൂൽ പുഴുവിനെ കൊണ്ടു വന്നതും കോയമ്പത്തുരിൽ നിന്നാണ് മുട്ട കൊണ്ടുവന്നത്.
കൊക്കൂൺ വിറ്റിരുന്നതും കോയമ്പത്തൂരിൽ. ഇതിന് പിന്നാലെ കാന്തല്ലൂർ, മറയൂർ, വട്ടവട എന്നി പഞ്ചായത്തുകളിൽ പട്ടുനൂൽ പുഴു വളർത്തൽ വ്യാപകമായി. അന്നത്തെ കളക്ടറും സബ് കളക്ടറും മറ്റും താൽപര്യമെടുത്ത് അഞ്ചുനാട് പട്ടുനൂൾ ഉൽപാദക സംഘം രൂപീകരിക്കുകയും പട്ടുനൂൽ ഉൽപാദക യൂണീറ്റ് സ്ഥാപിക്കുകയും ചെയ്‌തു. കാന്തല്ലൂർ പട്ട് എന്ന പേരിൽ സാരിയും ഉൽപാദിപ്പിച്ചു. എന്നാൽ, വൈകാതെ സംഘം തകർന്നു. അതോടെ പട്ടുനൂൾ കർഷകർ പ്രതി സന്ധിയിലായി. വിപണി ഇല്ലാതായതോടെ കൃഷിയിൽ നിന്നും പിന്മാറി.
ഇതേകാലയളവിലാണ് കാന്തല്ലൂരിലെ കൃഷ്ണപിള്ള ആപ്പിൾ മരം നട്ടുവളർത്തിയത്. ആപ്പിൾ വിളഞ്ഞതോടെ മറ്റു പലരും ആപ്പിൾ പരീക്ഷിച്ചു. എന്നാൽ, വ്യവസായി കാടിസ്ഥാനത്തിൽ ആപ്പിൾ കൃഷി ആരും ആരംഭിച്ചിട്ടില്ല.കാന്തല്ലൂരിന് പുറത്തുള്ളവർ ഭൂമി വാങ്ങി ഗ്രാന്റിസ് കൃഷി തുടങ്ങിയത് മറ്റൊരു പരീക്ഷണമായിരുന്നു. വലിയ തോതിലാണ് ഗ്രാന്റിസ് എത്തിയത്. ഗ്രാന്റിസ് വരൾച്ചക്ക് കാരണമാകുമെന്ന കാരണത്താൽ ജനങ്ങൾ എതിരായതോടെ പലരും പിൻമാറി. ഇതിനിടെ ടൂറിസം പുകയില്ലാത്ത വ്യവസായമായി മാറിയ തോടെ, ഗ്രാന്റിസ് പിഴുതു മാറ്റിയവർ അവിടെ കോട്ടേജുകൾ നിർമ്മിച്ചു. ഇപ്പോൾ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് കാന്തല്ലൂർ. കരിമ്പ്, നെല്ല് വെളുത്തുള്ളി എന്നിവയും ഈ മേഖലയിൽ കൃഷി ചെയ്യുന്നു.