പാനൂരിലെ കോവിഡ് മരണം ; പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി


തലശ്ശേരി :- പാനൂർ നഗരസഭയിലെ ഒന്നാം വാർഡിൽ കോവിഡ് രോഗബാധയെത്തുടർന്ന് ഒരാൾ മരിച്ച പശ്ചാത്തലത്തിൽ മേഖലയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. പാനൂർ ആസ്പത്രിയിൽ കെ.പി മോഹനൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന സന്ദേശമുയർത്തി മുൻ കരുതൽ നടപടികൾ കർശനമാക്കും. പനിയുള്ളവർ ഐസൊലേഷനിലും കോവിഡ് പോസിറ്റീവായവർ ക്വാറന്റയിനിലും കഴിയണം. മാസ്ക്, സാനിറ്റൈസർ ഉപയോഗം നിർബന്ധമാക്കും.

സാമൂഹിക അകലം പാലിക്കുക, അനാവശ്യമായ ആസ്പത്രി സന്ദർശനം ഒഴിവാക്കുക, ആളുകൾ കൂട്ടം കൂടി നിൽക്കാതിരിക്കുക, കോവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയവർ ക്വാറന്റൈനിൽ കഴിയുക, എല്ലാ വാർഡുകളിലും പനി സർവേ നടത്തി റിപ്പോർട്ട് ചെയ്യുക, ആഘോഷ പരിപാടികളിൽ ആളുകളുടെ എണ്ണം കുറയ്ക്കുക, വിവാഹം, ഉത്സവം തുടങ്ങിയ പരിപാടികൾ ആരോഗ്യ വിഭാഗത്തേയും നഗരസഭയേയും മുൻകൂട്ടി അറിയിക്കുക എന്നിവ കർശനമായി നടപ്പാക്കും.

ആരോഗ്യ പ്രവർത്തകരോട് ജാഗ്രത പാലിക്കാൻ യോഗം നിർദേശിച്ചു. പ്രായാധിക്യമുള്ളവർക്ക്  പനിയുടെ ലക്ഷണം കണ്ടാലുടൻ 5 ആസ്പത്രിയിൽ പ്രവേശിപ്പിക്കണമെന്ന് യോഗം നിർദേശിച്ചു. നഗരസഭ കൗൺസിലർ നസീല കണ്ടിയിൽ അധ്യക്ഷത വഹിച്ചു.

നഗരസഭാ ചെയർമാൻ വി.നാസർ, കൗൺസിലർമാരായ പി.കെ പ്രവീൺ, കെ.കെ സുധീർ കുമാർ, താലൂക്കാസ്പത്രി മെഡിക്കൽ ഓഫീസർ ഡോ. ഐ.കെ അനിൽകു മാർ, ഹെൽത്ത് സൂപ്പർവൈസർ സി.പി രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ ലതിഷാഭായ്, ഹെൽത്ത് നഴ്സ് കെ.ശാന്തകുമാരി, നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ ശശി നടുവിലക്കണ്ടി എന്നിവർ സംബന്ധിച്ചു.

Previous Post Next Post