മയ്യിൽ :- മയ്യിൽ പവർ ക്രിക്കറ്റ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തുന്ന മയ്യിൽ ക്രിക്കറ്റ് ലീഗ് ചാമ്പ്യൻഷിപ്പ് ഡിസംബർ 24, 25, തീയ്യതികളിൽ മയ്യിൽ ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ വെച്ച് നടക്കും. ടൂർണ്ണമെൻ്റിൻ്റെ ഉദ്ഘാടനം 24 ന് രാവിലെ 9 മണിക്ക് മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് എം.വി.അജിതയുടെ അധ്യക്ഷതയിൽ ആരോഗ്യ വകുപ്പ് മുൻമന്ത്രി പി.കെ.ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്യും. ചാമ്പ്യൻഷിപ്പിൻ്റെ പ്രചരണാർത്ഥം നടത്തുന്ന വിളംബര റാലി ഇന്ന് ഡിസംബർ 23 ന് വൈകുന്നേരം 4 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് മയ്യിൽ ഇൻസ്പെക്ടർ ഓഫ് പോലീസ് ടി.പി സുമേഷ് ഫ്ലാഗ് ഓഫ് ചെയ്യും.
പവർ ബ്ലാസ്റ്റേഴ്സ്, പവർ സ്ട്രൈക്കേഴ്സ്, പവർ ഇന്ത്യൻസ്, പവർ റൈഡേഴ്സ് എന്നീ നാല് ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഇതോടൊപ്പം വെറ്ററൻസ് ടീമുകളായ മയ്യിൽ റോയൽസ്, കല കിംഗ്സ് ഇലവൻസ് എന്നീ ടീമുകളുടെ പ്രദർശന മത്സരവും നടക്കും.
ഡിസംബർ 25 ന് നടക്കുന്ന സമാപന സമ്മേളനം ഉദ്ഘാടനവും, സമ്മാനദാനവും, സ്വാഗത സംഘം ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്തിൻ്റെ അധ്യക്ഷതയിൽ പ്രമുഖ ഇന്ത്യൻ ബോക്സിംഗ് താരവും ധ്യാൻചന്ദ് പുരസ്കാര ജേതാവ് കൂടിയായ കെ.സി ലേഖ നിർവ്വഹിക്കും. ഡൽഹി കേരള സാംസ്കാരികവേദി പ്രസിഡണ്ട് കെ.എൻ ജയരാജ് മുഖ്യാതിഥിയായിരിക്കും.
ലീഗിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന മാഗസിൻ സില്ലി പോയിൻറിൻ്റെ പ്രകാശന കർമ്മം മലയാളത്തിൻ്റെ പ്രമുഖ നടനും നിയമസഭാ സാമാജികനുമായ മുകേഷ് നിർവ്വഹിച്ചു. പത്രസമ്മേളനത്തിൽ രാധാകൃഷ്ണൻ മാണിക്കോത്ത് (സ്വാഗത സംഘം ചെയർമാൻ), ബാബു പണ്ണേരി (കൺവീനർ), പി.കെ നാരായണൻ (രക്ഷാധികാരി ), സി.പ്രമോദ്, രാജു പപ്പാസ്, അജയൻ.ആർ, രാഹുൽമാണിക്കോത്ത് എന്നിവർ പങ്കെടുത്തു.