വിനോദയാത്രയ്ക്കിടെ അപകടം ; ജമ്മു കശ്മീരിൽ അപകടത്തിൽ മരിച്ച മലയാളികളുടെ പോസ്റ്റ്മോർട്ടം ഇന്ന് ശ്രീനഗറിൽ


ശ്രീനഗര്‍ : ജമ്മു കശ്മീരിൽ അപകടത്തിൽ മരിച്ച  മലയാളികളുടെ പോസ്റ്റ്മോർട്ടം ഇന്ന് ശ്രീനഗറിൽ നടക്കും. മൃതദേഹങ്ങൾ സോനാ മാർഗയിലെ ആശുപത്രിയിൽ നിന്ന് ശ്രീനഗറിൽ എത്തിക്കും. ഇന്നലെയാണ് സോജില ചുരത്തിൽ നടന്ന അപകടത്തിൽ പാലക്കാട് സ്വദേശികളായ നാല് പേർ മരിച്ചത്. അനിൽ, സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ കശ്മീർ സ്വദേശിയും ഡ്രൈവറുമായ ഐജാസ് അഹമ്മദ് അവാനും മരിച്ചു. 

വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. സോനാമാര്‍ഗില്‍ നിന്ന് മൈനസ് പോയിന്‍റിലേക്കുള്ള യാത്രയിലായിരുന്നു അപകടം. രണ്ട് വാഹനങ്ങളിലാണ് സഞ്ചരിച്ചിരുന്നതെന്നും മഞ്ഞില്‍ വാഹനം തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നും രക്ഷപ്പെട്ട സുജീവ് പറഞ്ഞു. ആറ് പേര്‍ ഒരു വണ്ടിയിലും മറ്റൊരു വണ്ടിയില്‍ ഏഴ് പേരും കയറി. ഏഴ് പേരുണ്ടായിരുന്ന വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞത്. ഡ്രൈവര്‍ പരമാവധി ശ്രമിച്ചെങ്കിലും വാഹനം താഴ്ചയിലേക്ക് വീണു. വാഹനത്തിലുണ്ടായിരുന്നവര്‍ ഗ്ലാസ് പൊട്ടി പുറത്തേക്ക് വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ രാജേഷ് , അരുൺ, മനോജ് എന്നിവർ ചികിത്സയിലാണ്. കഴിഞ്ഞ മാസം മുപ്പതിന് ട്രെയിൻ മാർഗമാണ് പതിമൂന്നംഗ സംഘം കശ്മീരിലേക്ക് പോയത്. 

ഒരു സ്വപ്നയാത്ര ദുരന്തത്തില്‍ കലാശിച്ചതിന്‍റെ ആഘാതത്തിലാണവര്‍. പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങളുടെ ഏകോപനത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. മൂന്ന് ഉദ്യോഗസ്ഥര്‍ ശ്രീനഗറിലേക്ക് തിരിച്ചു. ദില്ലി നോര്‍ക്കാ ഓഫീസറും കേരള ഹൌസിലെ ഉദ്യോഗസ്ഥരുമാണ് ശ്രീനഗറിലേക്ക് പുറപ്പെട്ടത്. 



Previous Post Next Post