ന്യൂഡൽഹി :- കൊളോണിയൽക്കാലത്തെ മൂന്ന് ക്രിമിനൽ നിയമങ്ങളും സമഗ്രമായി പരിഷ്കരിച്ച് 'ഭാരതീയ'മാക്കാനുള്ള ബില്ലുകൾ പാർലമെന്റ് പാസാക്കി. ബുധനാഴ്ച ലോക്സഭ പാസാക്കിയ ബില്ലുകളാണ് വ്യാഴാഴ്ച രാജ്യസഭ കടന്നത്. ബില്ലുകളിൽ രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ഐ.പി.സി ക്കുപകരം ഭാരതീയ ന്യായ സംഹിതയും സി.ആർ.പി.സി ക്കുപകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും ഇന്ത്യൻ തെളിവുനിയമത്തിനു പകരം ഭാരതീയ സാക്ഷ്യ അധിനിയവും നിലവിൽവരും.
പോലീസ്, അഭിഭാഷകർ, കോടതി എന്നിവയെ സമയബന്ധിതമാക്കാനുള്ള ശ്രമം ബില്ലുകളിലുണ്ടെന്നും വൈകിയെത്തുന്നത് നീതിയല്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഇരകൾക്ക് പരമാവധി മൂന്നുവർഷത്തിനകം നീതി ലഭിച്ചിരിക്കും. നീതിന്യായവ്യവസ്ഥയിൽ സാങ്കേതികവിദ്യയെ ഇത്രയധികം ഉപയോഗിക്കുന്ന രാജ്യം വേറൊന്നില്ലെന്ന് അമിത് ഷാ അവകാശപെട്ടു.
ഭീകരവാദത്തിന് വ്യക്തമായ നിർവചനം നൽകുന്നതിലൂടെ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും. ഇതിന്റെ ദുരുപയോഗം തടയാനാകുമെന്നും മന്ത്രി പറഞ്ഞു. സ്ഫോടകവസ്തുക്കളുണ്ടാക്കുന്നതും പ്രയോഗിക്കുന്നതും പുതിയ നിയമത്തിൽ ഭീകര പ്രവർത്തനമാണ്. തെറ്റുചെയ്യാത്തവർക്ക് ഈ നിയമത്തിൽ സുരക്ഷയാണ് തോന്നേണ്ടതെന്നും മന്ത്രി പറഞ്ഞു.
സംഘടിത കുറ്റകൃത്യങ്ങളിൽ ഗൂഢാലോചന നടത്തുന്നവരെയും ഉൾപ്പെടുത്തും. ആൾക്കൂട്ടാക്രമണം പുതിയ കുറ്റമായി ഉൾപ്പെടുത്തി വധശിക്ഷവരെ വ്യവസ്ഥചെയ്യുന്നു. മോദിഭരണത്തിലാണ് ആൾക്കൂട്ടാക്രമണം ഏറ്റവും കുറവെന്ന് അമിത് ഷാ അവകാശപ്പെട്ടു. പിടിച്ചുപറിയും പുതിയ കുറ്റമായി ഉൾപ്പെടുത്തി. പിടിച്ചുപറിക്കിടെയണ്ടാകുന്ന പരിക്കുകളുടെ വ്യാപ്തിക്കനുസരിച്ചാകും ശിക്ഷ.