ലോക എയ്ഡ്‌സ് ദിനാചരണം ; ജില്ലാതല ഉദ്ഘാടനം നടത്തി


കണ്ണൂർ :- ലോക എയ്ഡ്‌സ് ദിനാചരണം ജില്ലാതല ഉദ്ഘാടനം കൃഷ്ണമേനോന്‍ സ്മാരക ഗവ. വിമന്‍സ് കോളേജില്‍ കെ വി സുമേഷ് എം എല്‍ എ നിര്‍വഹിച്ചു. എയ്ഡ്സ് ബാധിതര്‍ക്ക് പരിരക്ഷ ഉറപ്പാക്കാന്‍ സമൂഹത്തിന്റെ ശ്രദ്ധയും പരിഗണനയും ആവശ്യമാണെന്നും പുതിയ തലമുറ എയ്ഡ്സ് രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും എം എല്‍ എ പറഞ്ഞു. 'സമൂഹങ്ങള്‍ നയിക്കട്ടെ' എന്നതാണ് ഈ വര്‍ഷത്തെ എയ്ഡ്‌സ് ദിനാചരണ സന്ദേശം. പരിപാടിയോടനുബന്ധിച്ച് ആരോഗ്യ ബോധവല്‍ക്കരണ സെമിനാറും സെന്‍ട്രല്‍ ജയില്‍ മുതല്‍ കോളേജ് വരെ റാലിയും നടത്തി. നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ടുവരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സെമിനാറുകള്‍, മത്സരങ്ങള്‍, റെഡ് റിബണ്‍ ക്യാമ്പയിന്‍, ദീപം തെളിയിക്കല്‍, ടെസ്റ്റിംഗ് ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി.

ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി കെ അനില്‍കുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ ടി രേഖ വിഷയം അവതരിപ്പിച്ചു. ജില്ലാ ഡി ആര്‍ ടി ബി ആന്റ് എച്ച് ഐ വി കോ-ഓര്‍ഡിനേറ്റര്‍ പി പി സുനില്‍കുമാര്‍ ബോധവല്‍ക്കരണ ക്ലാസെടുത്തു. ജില്ലാ ടി ബി ആന്റ് എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ (ഇന്‍ചാര്‍ജ്ജ്) ഡോ. രജ്‌ന ശ്രീധരന്‍, കെ ജി എം ഒ എ കണ്ണൂര്‍ സെക്രട്ടറി ഡോ. വി എസ് ജിധിന്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ ടി ചന്ദ്രമോഹനന്‍, ജില്ലാ ടി ബി സെന്റര്‍ സീനിയര്‍ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍ എം മനോജ്കുമാര്‍, എ സി എസ് എം ജില്ലാ നോഡല്‍ ഓഫീസര്‍ പി വി അക്ഷയ തുടങ്ങിയവര്‍ സംബന്ധിച്ചു.

Previous Post Next Post