അഴീക്കോട് :- അഴീക്കോട് മണ്ഡലം സമഗ്ര ടൂറിസം വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെയും ചാൽ ബീച്ച് ടൂറിസം പദ്ധതിയുടെയും വിശദമായ പ്രൊജക്ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറായി. പുല്ലുപ്പിക്കടവ് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ട പ്രവൃത്തി നേരത്തെ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ 4.01 കോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കിയിരുന്നു. ഫ്ളോട്ടിങ് ടർഫ്, ഓപ്പൺ തിയേറ്റർ, ഫ്ളോട്ടിങ് ബ്രിഡ്ജ് തുടങ്ങിയവയാണ് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ സജ്ജമാക്കുക. ജലസാഹസിക ടൂറിസത്തിന്റെ ഭാഗമായുള്ള ഫ്ളോട്ടിംഗ് ഡൈനിംഗ് യൂണിറ്റുകൾ, ഭക്ഷ്യ വിപണന കേന്ദ്രങ്ങൾ, നടപ്പാത, ഇരിപ്പിടങ്ങൾ തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ ഒരുക്കിയത്. ഇതിന്റെ ഉദ്ഘാടന ചടങ്ങിനിടെ തന്നെ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് രണ്ടാംഘട്ട പ്രവൃത്തിക്കാവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അഴീക്കോട് ചാൽ ബീച്ചിൽ അന്താരാഷ്ട്ര ബ്ലൂ ഫ്ളാഗ് സർട്ടിഫിക്കേഷൻ അനുസരിച്ചുള്ള പരിസ്ഥിതി സൗഹൃദ വികസനപ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായ ചാൽ ബീച്ച് പദ്ധതി യാഥാർഥ്യമാകുന്നതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് കേന്ദ്രമായി മാറും. പ്രകൃതിക്കിണങ്ങുന്ന തരത്തിലുള്ള നടപ്പാത, മുളങ്കാടുകൾ, ഹരിത വേലികൾ തുടങ്ങിയവ ഇവിടെ ഒരുക്കും.
ഡി പി ആർ തയ്യാറാക്കുന്നതിന്റെ ഭാഗമായി കെ വി സുമേഷ് എം എൽ എ യുടെ നേതൃത്വത്തിൽ സ്ഥലങ്ങൾ സന്ദർശിച്ചു. നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ, അഴീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് കെ അജീഷ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി സി മനോജ്, ഡി ടി പി സി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.