കല്‍പ്പറ്റ: വിലയില്‍ തിളങ്ങി നില്‍ക്കുകയാണ് കൊക്കോ കായ്കള്‍. എങ്കിലും വിപണിക്ക് ആവശ്യമുള്ളത് നല്‍കാനില്ലെന്ന ധര്‍മ്മസങ്കടത്തിലാണ് കര്‍ഷകരില്‍ ഭൂരിപക്ഷവും. അത്ര വലിയ വിലയൊന്നുമില്ലാത കിടന്ന കൊക്കോക്ക് എക്കാലെത്തെയും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ ലഭിച്ചു വരുന്നത്. ഒരു കാലത്ത് കാപ്പിത്തോട്ടങ്ങളിലും മറ്റും ഇടവിളയെന്ന നിലക്ക് വ്യാപകമായി കൊക്കോ കൃഷി ഉണ്ടായിരുന്നെങ്കിലും വിലയില്ലാതെ ആയതോടെ പലരും കൊക്കോയെ അവഗണിക്കുകയായിരുന്നു.
ഏതാണ്ട് മൂപ്പെത്തുന്ന കായ്കള്‍ കേടുവരാനും കൂടി തുടങ്ങിയതോടെ കര്‍ഷകര്‍ക്ക് മടുപ്പേറി. എന്നാല്‍ എപ്പോഴും കൊക്കോ മരത്തെ താലോലിച്ച കര്‍ഷകര്‍ക്കാണ് ഇപ്പോള്‍ കോളടിച്ചിരിക്കുന്നത്. പച്ചക്കായക്ക് കിലോ 100 രൂപ മുതലാണ് വില. ഉണക്കക്കായ ആകട്ടെ 320-ന് മുകളിലെത്തി കഴിഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് വരെ അമ്പത് രൂപക്ക് താഴെ നിന്നിരുന്ന വിലയാണ് ഇപ്പോള്‍ ഇരട്ടിയിലധികമായിരിക്കുന്നത്. ലോക വിപണിയിലേക്ക് കൊക്കോ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളായ ഐവറികോസ്റ്റ്, ഘാന, നൈജീരിയ, ഇക്വഡോര്‍ എന്നിവിടങ്ങളില്‍ ഉത്പാദനം കുറഞ്ഞതോടെയാണ് ഇന്ത്യന്‍ കൊക്കോക്ക് നല്ല കാലം വന്നിരിക്കുന്നത്.
മുന്‍കാലങ്ങളിലുള്ളതിനേക്കാളും ആഗോള ഉപഭോഗം വര്‍ധിച്ചിട്ടുമുണ്ടെന്ന് കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു. വിദേശ കമ്പനികള്‍ക്കും ആഭ്യന്തര കമ്പനികള്‍ക്കുമായി പത്തോളം സ്വകാര്യ ഏജന്‍സികളാണ് കേരളത്തിലെ മലഞ്ചരക്കു കടകളില്‍നിന്നും കര്‍ഷകരില്‍ നിന്നുമൊക്കെ കൊക്കോ ഇപ്പോള്‍ സംഭരിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഏജന്‍സികള്‍ ആവശ്യപ്പെടുന്നതിന്റെ പകുതിപോലും നല്‍കാന്‍ കഴിയുന്നില്ലെന്നതാണ് വസ്തുത. പ്രധാനമായും ചോക്ലേറ്റ് നിര്‍മാണത്തിനാണ് കൊക്കോ ഉപയോഗിക്കുന്നത്. ബേബി ഫുഡ്‌സ്, സൗന്ദര്യ വര്‍ധകവസ്തുക്കള്‍, ഔഷധങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനായും കൊക്കോ കായ് ആവശ്യമുണ്ട്.