കൊച്ചി :- സ്വകാര്യ ഭൂമിയിലായാലും അനധികൃതമായി തള്ളുന്ന മാലിന്യങ്ങൾ നീക്കം ചെയ്തു സംസ്കരിക്കാനുള്ള ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കുണ്ടന്നു ഹൈക്കോടതി. തൃക്കാക്കര നഗരസഭാ പരിധിയിൽ കൊച്ചി മെട്രോ റെയിലിന്റെ സ്ഥലത്ത് അനധികൃതമായി കൂട്ടിയിട്ട മാലിന്യം നീക്കണമെന്ന ഹർജിയിലാണു ജസ്‌റ്റിസ് പി.ഗോപിനാഥ് ഇക്കാര്യം വ്യക്തമാക്കിയത്. മറ്റു നഗര മാലിന്യങ്ങളുടെ കാര്യത്തിലെന്ന പോലെ ഇതും നീക്കം ചെയ്തു സംസ്കരിക്കാനുള്ള ബാധ്യതയിൽ നിന്നു നഗരസഭയ്ക്ക് ഒഴിയാനാകില്ലെന്നു കോടതി പറഞ്ഞു.
തൃക്കാക്കര എൻജിഒ ക്വാർട്ടേഴ്സിനു സമീപം കെഎംആർഎലിൻ്റെ സ്‌ഥലത്തു മാലിന്യം കൂട്ടിയിടുന്നതായി ആരോപിച്ചു കൊച്ചി സ്വദേശി മുഹമ്മദ് മാനാത്ത് ഇബ്രാഹിം ആണു കോടതിയിലെത്തിയത്. കൊച്ചി മെട്രോയുടെ ഭൂമിയിൽ നിന്നു മാലിന്യം നീക്കാൻ ബാധ്യതയില്ലെന്ന നിലപാടാണു തൃക്കാക്കര നഗരസഭ സ്വീകരിച്ചത്. ഈ നിലപാടു നിയമപരമായി ശരിയല്ലെന്നും നഗര മാലിന്യങ്ങൾ കൈകാര്യം ചെയ്യാനുള്ള പ്രാഥമിക ചുമതല നഗരസഭയ്ക്കുണ്ടെന്നും കോടതി പറഞ്ഞു.