സ്റ്റാര്‍ട്ടപ്പുകള്‍, വിദ്യാര്‍ത്ഥികള്‍, വനിതാ സംരംഭകര്‍ എന്നിവര്‍ക്ക് നല്‍കി വരുന്ന സ്ഥാപിതമായ പിന്തുണ, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരമൊരുക്കുന്ന ഇഗ്നൈറ്റ് കാലിക്കറ്റ് പോലുള്ള പരിപാടികള്‍, ഗ്രാമീണ മേഖലകളില്‍ ആശാവഹമായ മാറ്റം കൊണ്ടു വരാന്‍ ശ്രമിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പ്രോത്സാഹനം എന്നിവയാണ് കേരളത്തെ ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്ക്കാരത്തിലേക്ക് എത്തിച്ചത്.
വിഭവശേഷി വികസനം, നിക്ഷേപ നേതൃത്വം, സംഭരണ നേതൃത്വം, സുസ്ഥിര വികസനം, ഇന്‍കുബേഷന്‍, മെന്‍റര്‍ഷിപ്പ് സേവനങ്ങള്‍, നൂതനത്വം, മികച്ച സ്ഥാപനം എന്നീ മേഖലകളിലാണ് കേരളത്തിന്‍റെ മികവ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. മൊത്തം 5000 ലധികം സ്റ്റാര്‍ട്ടപ്പുകളാണ് കെ എസ് യു എമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 240 ലധികം വിപണി പ്രവേശനം നടത്തിക്കഴിഞ്ഞു. നൂറിലധികം സ്റ്റാര്‍ട്ടപ്പുകള്‍ വനിതാസംരംഭകരുടേതാണ്. 14 ജില്ലകളിലുമായി 50 ലധികം ഇന്‍കുബേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നു. സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാര്‍ക്കായി അഞ്ചിലേറെ അവബോധന പരിപാടികള്‍, നിക്ഷേപ സമാഹരണത്തിനായി 15 ലേറെ പദ്ധതികള്‍, പുനരുപയോഗ ഊര്‍ജ്ജം, സുസ്ഥിരത, കാലാവസ്ഥാ വ്യതിയാനം എന്നിവയിലൂന്നിയ 40 ല്‍പരം സ്റ്റാര്‍ട്ടപ്പുകള്‍, ഗ്രാമീണ വികസനത്തിലൂന്നിയ 40 ല്‍പരം സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലുള്ളത്.