ദേശീയ സ്കൂൾ ബാൻഡ് മത്സരം ; കണ്ണൂർ സെയ്‌ന്റ് തേരേസാസ് വിജയികളായി


ന്യൂഡൽഹി :- റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പ്രതിരോധ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച ദേശീയ സ്കൂൾ ബാൻഡ് മത്സരത്തിൽ വിജയികളായി കണ്ണൂർ സെയ്‌ന്റ് തേരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. ഡൽഹിയിലെ മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിലായിരുന്നു മത്സരം. രാജ്യത്തെ വിവിധ സോണുകളിൽ നിന്നായി നാലു ബാൻഡ് ടീമുകൾ ഉൾപ്പെടെ 16 ടീമുകളാണ് മത്സരിച്ചത്.

ബോയ്‌സ് ബ്രാസ് ബാൻഡ്, ഗേൾസ് ബ്രാസ് ബാൻഡ്, ബോയ്‌സ് പൈപ്പ് ബാൻഡ്, ഗേൾസ് പൈപ്പ് ബാൻഡ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. ജില്ലാ മത്സരത്തിലും ദക്ഷിണേന്ത്യൻ മത്സരത്തിലും സെയ്‌ന്റ് തേരേസാസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ കുട്ടികൾ ഒന്നാംസ്ഥാനം നേടി. പെൺകുട്ടികളുടെ ബ്രാസ് ബാൻഡ് വിഭാഗത്തിൽ പ്ലസ് വൺ വിദ്യാർഥിനി അന്ന മരിയ ജോഷി നയിച്ച സംഘമാണ് നേട്ടം കൈവരിച്ചത്. സമന്ത, സിസ്റ്റർ ജീവ, കെ. അനില, പി. അമേയ എന്നിവരായിരുന്നു പരിശീലകർ.

Previous Post Next Post