തിരുവനന്തപുരം :- ഡ്രൈവിങ് ടെസ്റ്റ് നിലവാരം പരിഷ്കരിക്കാൻ നിയോഗിച്ച മോട്ടോർ വാഹനവകുപ്പിന്റെ ഉന്നതതല സമിതി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകും. നിലവിലെ പരിമിതമായ സാചര്യങ്ങളിൽ നടത്തുന്ന ഡ്രൈവിങ് ടെസ്റ്റ് എങ്ങനെ കുറ്റമറ്റതാക്കാം എന്നാണ് പരിശോധിക്കുന്നത്. ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ നിർദേശ പ്രകാരമാണ് സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ഷാജി മാധവന്റെ നേതൃത്വത്തിൽ സമിതി രൂപവത്കരിച്ചത്.
ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ നിരീക്ഷണക്യാമറ ഘടിപ്പിക്കണമെന്ന നിർദേശം മന്ത്രി നൽകിയിരുന്നു. ഇതിന്റെ സാധ്യതയും സമിതി പരിശോധിക്കും. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന സ്ഥലങ്ങൾക്ക് അടിസ്ഥാനസൗകര്യമില്ലെന്നതാണ് മോട്ടോർ വാഹനവകുപ്പ് നേരിടുന്ന പ്രധാന പ്രശ്നം. നിലവിലെ എട്ട്, എച്ച് ടെസ്റ്റുകൾക്കു പകരം പരരലൽ - റിവേഴ്സ് പാർക്കിങ്, കയറ്റത്തുനിർത്തി വാഹനം നീക്കുക തുടങ്ങിയവ ഏർപ്പെടുത്തണമെങ്കിൽ ടാറിട്ട ടെസ്റ്റിങ് ഗ്രൗണ്ടുകൾ വേണം. പുറമ്പോക്കിലും റോഡ് അരികിലുമൊക്കെയാണ് ഇപ്പോൾ ടെസ്റ്റ് നടക്കുന്നത്.