കണ്ണൂര്‍ :- പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ രജിസ്ട്രേഷന്‍-പുരാവസ്തു- മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. എ ഡി എം കെ കെ ദിവാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.പരേഡിന്റെ റിഹേഴ്‌സല്‍ ജനുവരി 20, 22, 23, 24 തീയതികളില്‍ നടക്കും. ആ ദിവസങ്ങളില്‍ റിഹേഴ്സലിനായി എത്തുന്ന കുട്ടികള്‍ക്ക് ബസുകളില്‍ പാസ് അനുവദിക്കണമെന്ന് എ ഡി എം പറഞ്ഞു.
കണ്ണൂര്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന പരേഡില്‍ 33 പ്ലാറ്റൂണുകള്‍ അണിനിരക്കും. വിവിധ വകുപ്പുകളുടെ പ്ലോട്ടുകളും ഒരുക്കും. പൊലീസ് -നാല്, എക്സൈസ്-ഒന്ന്, ഫോറസ്റ്റ്-ഒന്ന്, ജയില്‍-ഒന്ന്, എന്‍സിസി -ആറ്, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് -10, എസ് പി സി -നാല്, ജൂനിയര്‍ റെഡ് ക്രോസ് -ആറ് എന്നിങ്ങനെയാണ് പരേഡില്‍ പ്ലാറ്റൂണുകള്‍ അണിനിരക്കുക. ഇവര്‍ക്കുള്ള ഭക്ഷണം നല്‍കുന്നതിന് പോലീസ്, ഡി ടി പി സി, കണ്ണൂര്‍ കോര്‍പറേഷന്‍, കണ്ണൂര്‍ താലൂക്ക്, സെന്‍ട്രല്‍ ജയില്‍ എന്നിവരെ ചുമതലപ്പെടുത്തി.
വിവിധ വകുപ്പുകളുടെ പ്ലോട്ടുകളും വിപുലമായി തന്നെ ഒരുക്കും. പോലീസ്, എക്സൈസ്, ഫോറസ്റ്റ്, ആര്‍ടിഒ, കണ്ണൂര്‍ താലൂക്ക് ഓഫീസ്, ആരോഗ്യവകുപ്പ് തുടങ്ങിയവയുടെ പ്ലോട്ടുകളാണുണ്ടാവുക. ദേശഭക്തിഗാനം, ദേശീയഗാനം എന്നിവയോടൊപ്പം കലാപരിപാടികളും അവതരിപ്പിക്കുന്നതിന് വിദ്യാര്‍ഥികളെ സജ്ജരാക്കാനും സൗകര്യമൊരുക്കാനും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി. ഫ്ളാഷ് മോബ്, ബാന്‍ഡ് മേളം തുടങ്ങിയവയുമുണ്ടാകും. ആഘോഷങ്ങള്‍ പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും.കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.