കണ്ണൂർ :- സംസ്‌ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ തടഞ്ഞു വെച്ചിരിക്കുകയാണെന്ന് ആരോപിച്ച് യുണൈറ്റഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ (യുടിഇഎഫ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും നാളെ പണിമുടക്കും.
4 വർഷമായി ലീവ് സറണ്ടർ നൽകുന്നില്ല. 2019ലെ ശമ്പള പരിഷ്കരണ കുടിശിക ഇതുവരെ ലഭ്യമായിട്ടില്ല. മെഡിസെപ്പിന്റെ പേരിൽ 6,000 രൂപ വാർഷിക വിഹിതമായി പിടിക്കുകയും പദ്ധതിയിൽ പാനൽ ചെയ്യപ്പെട്ട ആശുപത്രികൾ സഹകരിക്കാത്ത അവസ്ഥയുമാണുള്ളത്. ജീവനക്കാരുടെ ഭവനവായ്പാ പദ്ധതി അട്ടിമറിച്ചു. പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുമെന്നു പറഞ്ഞ് അധികാരത്തിൽ വന്നവർ പാലിച്ചില്ല. സംസ്‌ഥാനം അതിരൂക്ഷ വിലക്കയറ്റത്തിലാണ്. വിലക്കയറ്റത്തെ അതിജീവിക്കാൻ ക്ഷാമബത്ത ലഭ്യമല്ലാത്തത് കൊണ്ട് കഷ്ട്ടപ്പെടുകയാണെന്നും യുടിഇഎഫ് ജില്ലാ ചെയർമാൻ നാരായണൻ കുട്ടി മനിയേരി, കെ.യു ബാലചന്ദ്രൻ, കെ.കെ രാജേഷ് ഖന്ന, എൻ.ടി ഫലീൽ, ജയൻചാലിൽ എന്നിവർ പറഞ്ഞു.