ന്യൂഡൽഹി :- അഞ്ചുവർഷത്തേ ക്ക് കരാറടിസ്ഥാനത്തിൽ താങ്ങു വില നൽകാമെന്ന കേന്ദ്രസർക്കാരിന്റെ സമവായ നിർദേശം കർഷകർ തള്ളി. നാലാംവട്ട ചർച്ചയിലെ നിർദേശത്തിൽ കർഷകർക്കു ഗുണമില്ലെന്ന് സമരത്തിന് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗത്തിന്റെ നേതാവ് ജഗ്ജിത് സിങ് ദല്ലേവാൾ പറഞ്ഞു. സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിൻ്റെ മറുപടിക്കായി ചൊവ്വാഴ്ചവരെ കാത്തിരിക്കും. അനുകൂല സമീപനമില്ലെങ്കിൽ നിർത്തിവെച്ചിരിക്കുന്ന 'ഡൽഹി ചലോ' മാർച്ച് ബുധനാഴ്ച പുനരാരംഭിക്കും.
സമരത്തിന്റെ ഭാഗമായ രണ്ടു കർഷകർകൂടി മരിച്ചു. പട്യാലയിൽ പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ്ങിൻ്റെ വസതിക്കുമുമ്പിൽ പ്രതിഷേധിച്ച ബി.കെ.യു ഉഗ്രഹാൻ വിഭാഗത്തിന്റെ പ്രവർത്തകൻ നരേന്ദ്രപാൽ സിങ് (45), ഖനോരി അതിർത്തിയിൽ സമരത്തിന്റെ ഭാഗമായ ബി.കെ.യു ക്രാന്തികാരി വിഭാഗം നേതാവ് മഞ്ജിത്ത് സിങ് (70) എന്നിവരാണ് മരിച്ചത്.