അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനത്തെ ആദ്യ പഞ്ചായത്ത് കുറ്റ്യാട്ടൂർ


കുറ്റ്യാട്ടൂർ :- അതിദരിദ്രർ ഇല്ലാത്ത സംസ്‌ഥാനത്തെ ആദ്യ പഞ്ചായത്തായി കുറ്റ്യാട്ടൂർ പഞ്ചായത്ത്. കൊല്ലം കൊട്ടാരക്കരയിൽ നടന്ന പഞ്ചായത്ത് ദിനാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റ്യാട്ടൂരിനെ സംസ്‌ഥാനത്തെ ആദ്യത്തെ അതിദരിദ്ര രഹിത പഞ്ചായത്തായി പ്രഖ്യാപിച്ചു. അതിജീവനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നേടാൻ കഴിയാത്ത കുടുംബങ്ങളെയാണ് അതിദരിദ്ര പട്ടികയിൽപെടുത്തുന്നത്. 27,000 പേരുള്ള പഞ്ചായത്തിൽ സർക്കാർ മാനദണ്ഡ പ്രകാരമുള്ള സർവേ പൂർത്തിയായപ്പോൾ പതിനാറ് കുടുംബങ്ങളിലെ 58 അംഗങ്ങൾ ആയിരുന്നു അതിദരിദ്രർ. ഇവരിൽ തനിച്ച് താമസിച്ചിരുന്ന മൂന്ന് പേർ അടുത്തിടെ മരിച്ചു. ശേഷിക്കുന്ന 13 കുടുംബങ്ങളിൽ വീടില്ലാത്ത അഞ്ച് പേർക്ക് ലൈഫ്പദ്ധതിയിലൂടെ വീട് ലഭിച്ചു.

എല്ലാ കുടുംബങ്ങൾക്കും ബി പിഎൽ റേഷൻ കാർഡും അനുവദിച്ചു. ഇവർക്ക് ഭക്ഷ്യക്കിറ്റ് എത്തിക്കുകയും കുട്ടികളുടെ വിദ്യാഭ്യാസം വ്യക്തികളും സംഘടനകളും ഏറ്റെടുക്കുകയും ചെയ്തു‌. അപകടത്തെ തുടർന്ന് ജോലി ചെയ്യാൻ സാധിക്കാത്ത ഒരാൾക്ക് പെട്ടിക്കടയും ഒരു കുടുംബത്തിലെ അംഗത്തിന് ഹരിതകർമ സേനയിൽ ജോലിയും നൽകി.

പഴയ വീട്ടിൽ താമസിക്കുന്ന ഈ കുടുംബത്തിന് പുതിയ വീട് അനുവദിച്ചു.രോഗികളായ തനിച്ച് താമസിക്കുന്ന നാല് പേർക്ക് ആവശ്യമായ മരുന്ന് എത്തിക്കുകയും പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുകയും ചെയ്തു. പഞ്ചായത്തിൽ പട്ടികജാതിയിൽപെട്ട 1350 കുടുംബങ്ങൾ ഉണ്ടെങ്കിലും അതിദരിദ്രരില്ല.

Previous Post Next Post