കണ്ണൂർ :- പൊതുഇടത്തിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താനായി കണ്ണൂർ ജില്ലയിൽ ജില്ലാ പഞ്ചായത്ത് മേൽനോട്ടത്തിൽ പൊതുസ്‌ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്‌ഥാപിച്ചത് മറ്റ് തദ്ദേശ സ്‌ഥാപനങ്ങളും മാതൃകയാക്കാൻ നിർദേശം. തദ്ദേശവകുപ്പ് ജോയിന്റ് സെക്രട്ടറിയാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയത്.
പൊതുഇടങ്ങളിൽ മാലിന്യം തള്ളുന്നത് തടയാൻ ലക്ഷ്യമിട്ട് വ്യാപാരി വ്യവസായികൾ, റസിഡൻ്റ്സ് അസോസിയേഷനുകൾ, സ്‌കൂൾ പിടിഎ, എച്ച്എംഎസി എന്നിവയുടെ സഹകരണത്തോടെ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിന് കണ്ണൂർ ജില്ലയിലെ തദ്ദേശ സ്‌ഥാപനങ്ങൾ നടപ്പാക്കിയ മാതൃക പിന്തുടരണമെന്നാണു നിർദേശം. പദ്ധതിക്ക് കണ്ണൂർ ജില്ലയിൽ ലഭിച്ച സ്വീകാര്യത പരിഗണിച്ചാണ് പദ്ധതി സംസ്ഥാനം ഒട്ടാകെ വ്യാപിപ്പിക്കാനുള്ള നിർദേശം. ഇതിനായി കണ്ണൂർ ജില്ലാ പഞ്ചായത്തുമായി മറ്റ് തദ്ദേശസ്ഥാപനങ്ങൾ ബന്ധപ്പെടണമെന്നും ജോയിന്റ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
നാടിന്റെ സുരക്ഷയ്ക്കൊപ്പം കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് മേൽനോട്ടത്തിൽ 1000ത്തോളം 'സ്മാർട്ട് ഐ' ക്യാമറകളാണ് ജില്ലയിൽ സ്‌ഥാപിച്ചിരുന്നത്. ഈ പദ്ധതിക്കായി 3 കോടി രൂപയോളമാണ് വേണ്ടിവന്നത്. കണ്ണൂർ എൻജിനീയറിങ് കോളജിൻ്റെ സാങ്കേതിക സഹായത്തോടെ അതത് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. മാലിന്യം തള്ളൽ, അനധികൃത മണൽ കടത്ത്, കുറ്റകൃത്യം തടയൽ എന്നിവയാണ് പദ്ധതിയുടെ നേട്ടം. പഞ്ചായത്തുകൾ തമ്മിൽ ബന്ധിച്ച് ജില്ലാ പഞ്ചായത്ത് ഓഫിസ് കേന്ദ്രീകരിച്ച് മോണിറ്ററിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. കുറ്റകൃത്യങ്ങളിൽ വേഗത്തിൽ തുമ്പുണ്ടാക്കാനും സിസിടിവി ക്യാമറകൾ സ്‌ഥാപിച്ചതിനാൽ കഴിയുന്നുണ്ട്.