തലസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ രണ്ടുവയസ്സുകാരിയെ കണ്ടെത്തിയ സംഭവം ; കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളില്ല, പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി


തിരുവനന്തപുരം :- തലസ്ഥാനത്തെ രണ്ട് വയസുകാരിയുടെ തിരോധാനത്തിൽ കൂടുതൽ അന്വേഷണവുമായി പൊലീസ്. കുട്ടിയുടെ സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി. സഹോദരന്റെ മൊഴിയിൽ വ്യക്തതയില്ലാത്തതിനാൽ രേഖാചിത്രം പുറത്തു വിട്ടിട്ടില്ല. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.

കൊച്ചുവെളി റെയിൽവേ സ്റ്റേഷൻ സമീപത്തു നിന്നുള്ള ഓടയിൽ നിന്നാണ് ഇന്നലെ രാത്രി കുട്ടിയെ കണ്ടെത്തിയത്. മണ്ണന്തല എസ് എച്ച് ഒ ബിജു കുറുപ്പിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കാണാതായതിന് 300 മീറ്റർ അകലെയുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കിട്ടിയത്. കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം. കുട്ടി നടന്നെത്താനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് ആരെങ്കിലും ഉപേക്ഷിച്ചതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മറ്റു സാധ്യതകൾ പൊലീസ് പരിശോധിക്കുന്നത്. കുട്ടിയിൽ നിന്നും ചോദിച്ചറിയുന്ന കാര്യങ്ങളും കേസിൽ നിർണായകമാകും.

എസ്എടി ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ സംഘം അറിയിച്ചു. 24 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷം കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യും. കുട്ടിയുടെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിന് അടക്കം ഊന്നൽ നൽകിയിട്ടുണ്ട്. ചികിത്സ തുടരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. കുഞ്ഞിനെ സിഡബ്ല്യുസി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുന്നത് അടക്കം വിശദമായ കൂടിയാലോനകൾ നടത്തുമെന്ന് അന്വേഷണസംഘവും വ്യക്തമാക്കി.


Previous Post Next Post