പഞ്ചവാദ്യത്തിന് ശബ്ദം പോര എന്നാരോപിച്ച് കൊല്ലത്ത് ക്ഷേത്ര ജീവനക്കാരനെ മർദ്ദിച്ചതായി പരാതി


ചവറ :- കൊല്ലം ചവറ തേവലക്കരയിൽ ക്ഷേത്രവാദ്യത്തിൽ ശബ്ദം കുറഞ്ഞു എന്ന് ആരോപിച്ച് മർദ്ദനമേറ്റതായി ക്ഷേത്ര ജീവനക്കാരന്‍റെ പരാതി. തേവലക്കര മേജർ ദേവി ക്ഷേത്ര ജീവനക്കാരനായ വേണുഗോപാലിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ക്ഷേത്രത്തിൽ ശീവേലി ചടങ്ങിന് എത്തിയ പ്രതി, പഞ്ചവാദ്യത്തിന് ശബ്ദം പോരായെന്ന് ആരോപിച്ച് ആക്രമിച്ചെന്നാണ് വേണുഗോപാലിന്‍റെ പരാതി. തേവലക്കര ദേവീക്ഷേത്രത്തിലെ താൽക്കാലിക പഞ്ചവാദ്യ ജീവനക്കാരനാണ് വേണുഗോപാൽ.

തന്നെയും പഞ്ചവാദ്യവും പിടിച്ച് വെച്ച ശേഷമായിരുന്നു ആക്രമണമെന്നാണ് വേണുഗോപാൽ പറയുന്നു. ഉച്ചത്തിൽ കൊട്ടണം, താൻ കെട്ടുന്നത് മുതുകാള പശുവിനെ മെനക്കെടുത്തുന്നത് പോലെയാണ്, ശബ്ദമില്ല, ഇനി മേലിൽ ഇവിടെ ജോലി ചെയ്യരുത്, ഇറങ്ങി പൊക്കോണം എന്ന് പറഞ്ഞായിരുന്നു പ്രതി തന്നെ ആക്രമിച്ചതെന്ന് വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തോർത്തിൽ കല്ല് കെട്ടിയായിരുന്നു ആക്രമണം. പ്രതി മദ്യലഹരിയിലായിരുന്നെന്നും വേണുഗോപാൽ പരാതിയിൽ പറയുന്നു. പ്രതി ആക്രമിക്കുന്നത് കണ്ട് മറ്റ് ക്ഷേത്ര ജീവനക്കാർ എത്തിയാണ് വേണുഗോപാലിനെ രക്ഷപ്പെടുത്തിയത്.

ആക്രമണത്തിനുശേഷം പ്രതി ഒളിവിൽ പോയി. ദേവസ്വം ബോർഡിന്റെ പരാതിയിൽ തെക്കുംഭാഗം പൊലീസ്കേസെടുത്തിട്ടുണ്ട്. മുറിവേൽപ്പിക്കുക എന്ന ഉദ്യേശത്തോടെ മാരകായുധം കൊണ്ട് ആക്രമിച്ചു എന്നതടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. 

Previous Post Next Post