ചാലോട്:- എടയന്നൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും രണ്ടുമക്കളും മരിച്ചു. സ്കൂട്ടർ യാത്രികരായ മട്ടന്നൂർ നെല്ലൂന്നി കുട്ടിക്കുന്നുമ്മൽ റോഡ് 'ലോട്ടസ് ഗാർഡ്നി'ൽ കെ നിവേദിത രഘുനാഥ് (45), മക്കളായ ഋഗ്വേദ് (11), സാത്വിക് (9) എന്നിവരാണ് മരിച്ചത്.മട്ടന്നൂർ ശങ്കര വിദ്യാപീഠം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് ഋഗ്വേദും സാത്വിക്കും.
ചൊവ്വ പകൽ രണ്ടരയോടെ എടയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപമാണ് അപകടം. ചാലോട് നിന്ന് മട്ടന്നൂർ ഭാഗത്തേക്ക് വന്ന സ്കൂട്ടറും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കാറുമാണ് കൂട്ടിയിടിച്ചത്.സ്കൂട്ടർ കാറിൻ്റെ അടിഭാഗത്ത് കുടുങ്ങി 50 മീറ്ററോളം മുന്നോട്ട് പോയി. കുറ്റ്യാട്ടൂരിൽ തെയ്യം കാണാൻ പോയ നിവേദിതയും കുട്ടികളും വീട്ടിലേക്ക് മടങ്ങുന്നതിന് ഇടയിലാണ് അപകടം.
നിവേദിതയും സാത്വിക്കും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഋഗ്വേദ് രാത്രി പത്തോടെയാണ് മരിച്ചത്.ഉളിയിൽ പടിക്കച്ചാൽ സ്വദേശികളായ ഇവർ നെല്ലൂന്നിയിലാണ് താമസം. കുഞ്ഞമ്പുവിൻ്റെയും കമലയുടെയും മകളാണ് നിവേദിത. ഭർത്താവ്: കെ പി രഘുനാഥ് (ഖത്തർ). മറ്റൊരു മകൻ: വൈഷ്ണവ്. സഹോദരി: ഗൗരി.സംസ്കാരം ഇന്ന് ബുധനാഴ്ച പകൽ 2.30ന് പൊറോറ നിദ്രാലയത്തിൽ.
