അണ്ടല്ലൂർകാവ് ഉത്സവത്തിന് ഇന്ന് തുടക്കം


അണ്ടലൂർ :- അണ്ടലൂർക്കാവിൽ ഉത്സവം ബുധനാഴ്ച തുടങ്ങും. രാവിലെ നടക്കുന്ന തേങ്ങതാക്കൽ ചടങ്ങോടെ ഉത്സവത്തിന് തുടക്കമാകും ശനിയാഴ്ച പുലർച്ചെ മുതലാണ് തെയ്യാട്ടങ്ങൾ നടക്കുക. ഉത്സവത്തെ വരവേൽക്കാൻ ധർമടം ഗ്രാമവും പരിസര പ്രദേശങ്ങളും ഒരുങ്ങി. ഉത്സവകാലത്ത് ഗ്രാമം വ്രതശുദ്ധിയിലായിരിക്കും. അതിഥി സത്കാരമാണ് ഉത്സവകാലത്തിന്റെ ഒരു സവിശേഷത.

ഉത്സവസമയത്ത് വീടുകളിലെത്തുന്ന അതിഥികളെ അവലും മലരും വാഴപ്പഴവും നൽകിയാണ് സ്വീകരിക്കുക. ഇതിനായി ലോഡ് കണക്കിന് വാഴക്കുലകളാണ് ചൊവ്വാഴ്ച ധർമടത്തെത്തിയത്. ചിറക്കുനി കവലയാണ് പ്രധാന വില്പനകേന്ദ്രം. മേലൂർ, മീത്തലെ പീടിക, ധർമടം തുടങ്ങിയ സ്ഥലങ്ങളിലും വാഴക്കുലകൾ വില്പനയെത്തിയിട്ടുണ്ട്.

രാത്രി 10.30ന് മേലൂർ വടക്ക് ഗുരുസ്ഥാനത്ത് നിന്നു മേലൂർ മണലിൽ എത്തിക്കുന്ന തൃക്കൈക്കുട ക്ഷേത്രത്തിലെത്തിക്കുതോടെ 17ന് പുലർച്ചെ മുതൽ കെട്ടിയാട്ടം ആരംഭിക്കും. സീതയും മക്കളും, ഇളങ്കരുവൻ, നാഗകണ്ഠ‌ൻ, മലക്കാരി, നാഗഭഗവതി,പൊൻമകൻ, പൂതാടി, പുതുചേകോൻ, വേട്ടക്കൊരുമകൻ, ബപ്പൂരൻ തെയ്യങ്ങളെ രാവിലെ കെട്ടിയാടും. ഉച്ചയ്ക്ക് ഒന്നിന് ക്ഷേത്രതിരുമുറ്റത്ത് ബാലി-സുഗ്രീവ യുദ്ധം നടക്കും. വൈകിട്ട് പ്രധാന ആരാധനാമൂർത്തിയായ ദൈവത്താറുടെ തിരുമുടി വയ്പ്. തുടർന്ന് സഹചാരികളായ അങ്കക്കാരനും ബപ്പൂരനുമൊപ്പം ദൈവത്താർ ആട്ടത്തിനായി താഴെക്കാവിലേക്ക് എഴുന്നള്ളും. ഉത്സവം സമാപിക്കുന്ന 20 വരെ ഇതേ രീതിയിലുള്ള തെയ്യാട്ടമാണ് നടക്കുക. 21ന്പുലർച്ചെ തിരുവാഭരണം അറയിൽ സൂക്ഷിക്കുന്ന ചടങ്ങോടെഉത്സവം സമാപിക്കും. എല്ലാ ദിവസവും വിവിധ ദേശക്കാരുടെ വകയായി കരിമരുന്ന് പ്രയോഗവും നടക്കും

Previous Post Next Post