വളപട്ടണം :- വളപട്ടണം കക്കുളങ്ങര പള്ളിയുടെ പൈതൃക സംരക്ഷണ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തെ ചെറുത്തു തോല്‍പ്പിച്ചത് മതസാഹോദര്യത്തിലധിഷ്ഠിതമായ പോരാട്ടത്തിലൂടെയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങിൽ കെ.വി സുമേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ, മുതവല്ലി ഹബീബ് മഷ്ഹൂര്‍ തങ്ങള്‍ എന്നിവര്‍ മുഖ്യാതിഥികളായി.
ടൂറിസം വകുപ്പിന്റെ തലശ്ശേരി പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പള്ളി നവീകരിക്കുന്നത്. പള്ളിയുടെ അടിസ്ഥാന സൗകര്യവികസനത്തിനൊപ്പം പൈതൃകസംരക്ഷണ ലഷ്യമിട്ടുളള പദ്ധതികളാണ് നടപ്പാക്കുന്നത്. കുളം നവീകരണം, കുളപ്പുര, പടിപ്പുര, നടപ്പാത, ചുറ്റുമതില്‍, ലാന്‍ഡ് സ്‌കേപ്പിങ്, ടോയിലറ്റ് ബ്ലോക്ക് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൂറിസം വകുപ്പ് 1.3 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നവീകരണ പ്രവൃത്തി നടത്തുന്നത്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനാണ് പ്രവൃത്തിയുടെ ചുമതല.