ഹരിതകര്‍മ്മ സേന അംഗത്തെ വീട്ടുടമ നായയെ വിട്ട് കടിപ്പിച്ചതായി പരാതി ; നടപടി ആരംഭിച്ച് പഞ്ചായത്ത് അധികൃതർ


തൃശ്ശൂര്‍ :- ഹരിതകര്‍മ്മ സേന അംഗത്തെ വീട്ടുടമ നായയെ വിട്ട് കടിപ്പിച്ചെന്ന പരാതിയില്‍ നടപടി ആരംഭിച്ചതായി ചാഴൂര്‍ പഞ്ചായത്ത് അധികൃതര്‍. പരാതി എസ്പി ഓഫീസിലേക്ക് അയച്ചു കൊടുത്തിട്ടുണ്ട് എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മാലിന്യ സംസ്‌ക്കരണ നിയമ ലംഘനത്തിന് പഞ്ചായത്ത് നോട്ടീസ് നല്‍കുന്നതും, പിഴ ചുമത്തുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

പ്രസ്തുത സംഭവത്തെ മാലിന്യ മുക്ത നവകേരളം സംസ്ഥാന ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് അതീവ ഗൗരവത്തോടെ കാണുന്നതെന്നും കേസിന്റെ പുരോഗതി വിലയിരുത്തുന്നുമുണ്ടെന്ന് നവ കേരള മാലിന്യ മുക്ത കാമ്പയിന്‍ സെക്രട്ടറിയേറ്റ് കോ- കോര്‍ഡിനേറ്റര്‍ കെ.ബി ബാബു കുമാര്‍ പറഞ്ഞു. കഴിഞ്ഞ ആറാം തീയതി കണ്ണപുഴ ഡേവീസ് എന്നയാളുടെ വീട്ടില്‍ മാലിന്യം ശേഖരിക്കാന്‍ പോയപ്പോള്‍ നായയുടെ ആക്രമണം ഉണ്ടായിയെന്ന ഹരിത കര്‍മ്മസേന പ്രവര്‍ത്തക പ്രജിതയുടെ പരാതിയിലാണ് നടപടി. 

സംഭവം ഇങ്ങനെ : 'പ്രജിത ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറന്ന ഡേവീസിന്റ മകള്‍ 'ഞങ്ങള്‍ പ്ലാസ്റ്റിക് തരില്ല, ഞങ്ങള്‍ കത്തിക്കുകയാണ്' എന്ന് പറഞ്ഞ് വാതില്‍ തുറക്കുന്നതിനിടയില്‍ ഉള്ളിലുണ്ടായിരുന്ന നായ പുറത്തേക്ക് ചാടി ആക്രമിച്ചു. പ്രജിത നിലത്തു വീണു. നായ പ്രജിതയെ ആക്രമിക്കുകയും പ്രജിതക്ക് വലത്തെ കൈയ്യില്‍ കടിയേല്‍ക്കുകയും ചെയ്തു. ഈ സമയമത്രയും ഡേവീസും മകളും നായയെ പിന്‍തിരിപ്പിക്കാതെ നോക്കി നില്‍ക്കുകയായിരുന്നു എന്നാണ് പ്രജിതയുടെ പരാതി. പട്ടിയെ പിടിക്ക് എന്ന് പ്രജിത പറഞ്ഞപ്പോള്‍ ഡേവീസിന്റെ മകള്‍ 'എന്റെ നായയെ പട്ടിയെന്ന് വിളിക്കല്ലെടീ ' എന്ന് ആക്രോശിച്ച് പ്രജിതയെ അടിക്കാനായി വന്നു. കൂടെയുണ്ടായിരുന്ന ഹരിത കര്‍മ്മ സേന അംഗമാണ് അവരെ പിന്‍തിരിച്ചത്.' ഉടനെ ആശാ പ്രവര്‍ത്തകരും, വാര്‍ഡ് മെമ്പറും ചേര്‍ന്നാണ് പ്രജിതയെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് പ്രസിഡന്റും, സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാനുമൊപ്പം അന്തിക്കാട് പൊലീസ് സ്റ്റേഷനിലെത്തി പ്രജിത പരാതി സമര്‍പ്പിക്കുകയായിരുന്നു.

Previous Post Next Post