തിരുവനന്തപുരം :- ഊരിൽ നിന്നു മാറി നഗരത്തിനു സമീപത്തെ ക്ഷേത്രത്തിൽ ആദിവാസി യുവതീ യുവാക്കളുടെ മാംഗല്യച്ചടങ്ങ് ഒരേ വേദിയിൽ ഒരേ പോലെ വസ്ത്രമണിഞ്ഞ് ഒരേ മുഹൂർത്തത്തിൽ 108 ജോടി വധൂവരൻമാരാണു പരസ്‌പരം വരണമാല്യം ചാർത്തിയത്.തിരുവനന്തപുരം വെങ്ങാനൂർ പൗർണമിക്കാവ് ബാലത്രിപുരസുന്ദരി ദേവീക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അട്ടപ്പാടി, അഗളി, ഇടുക്കി, സത്യമംഗലം, കുമളി തുടങ്ങിയ ആദിവാസി ഊരുകളിൽ നിന്നുള്ള 216 യുവതീയുവാക്കളാണ് ഇന്നലെ ഉച്ചയ്ക്ക് 12.04 നുള്ള മുഹൂർത്തത്തിൽ വിവാഹിതരായത്.
ഊരുമൂപ്പൻമാരും ഗോത്രത്തലവന്മാരും മറ്റു കാർമികർക്കൊപ്പം നേതൃത്വം വഹിച്ചു. തട്ടുതട്ടായി ക്രമീകരിച്ച മണ്ഡപത്തിലാണ് വധൂവരൻമാർ അണിനിരന്ന ത്. താലികെട്ടും മോതിരം കൈമാറലും വരണമാല്യം ചാർത്തലുമായിരുന്നു പ്രധാന ചടങ്ങ്.വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. പൗർണമിക്കാവും ധനലക്ഷ്മി ഗ്രൂപ്പ് ഓഫ് കമ്പനീസും ചേർന്നായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. വിവാഹ നിശ്ചയവും അനുബന്ധ ചടങ്ങുകളും നേരത്തെ ഊരുകളിൽ നടന്നിരുന്നു. വിവാഹ സൽക്കാരം അടുത്ത ദിവസം ഊരുകളിൽ സംഘടിപ്പിച്ചിട്ടുണ്ട്.
ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ശശി തരൂർ എം.പി, എം.വിൻസന്റ് എം.എൽ.എ, ഇടുക്കി കോവിൽമല രാജാവ് രാമൻ രാജമന്നാൻ, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാർ നടുവിൽമഠം അച്യുതഭാരതി, ക്ഷേത്രം ട്രസ്‌റ്റി എം.എസ് ഭുവനചന്ദ്രൻ, മഠാധിപതി സിൻഹ ഗായത്രി, ധനലക്ഷ്മി ഗ്രൂപ്പ് സിഎംഡി ഡോ.വിബിൻദാസ് കടങ്ങോട്ട്, ഫാ. പോൾ മണാലിൽ തുടങ്ങിയവർ ആശംസകൾ നേർന്നു.