ന്യൂഡൽഹി :- റോഡുകൾ, പൈപ്പ്ലൈനുകൾ, റെയിൽവേ, വിമാനത്താവളം പോലുള്ള പദ്ധതികൾക്ക് ഭൂമിയേറ്റെടുക്കൽ, ഡാമുകളിലെയും തടയണകളിലെയും ഡ്രജിങ് പോലുള്ള പ്രവൃത്തികൾ മുതലായവയ്ക്ക് മുൻകൂർ പാരിസ്ഥിതികാനുമതി വേണ്ടെന്ന കേന്ദ്ര പരിസ്ഥിതിമന്ത്രാല നയത്തിന്റെ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി.
കേന്ദ്ര പരിസ്ഥിതിമന്ത്രാലയം 2020 മാർച്ച് 28-ന് ഇറക്കിയ ഉത്തരവിലെ ആറാം ഭാഗമാണ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് എ.എസ്. ഓക ഉത്തരവായത്. പരിസ്ഥിതിമന്ത്രാലയത്തിന്റെ ഉത്തരവിനെതിരായ ഹർജിയിൽ നിശ്ചിത നടപടിക്രമങ്ങൾ നടപ്പാക്കാൻ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ന്യൂഡൽഹി പ്രിൻസിപ്പൽ ബെഞ്ച് നിർദേശിച്ചിരുന്നു. എന്നാൽ, വിജ്ഞാപനത്തിലെ മുൻകൂർ അനുമതി വേണ്ടെന്ന ഭാഗം റദ്ദാക്കുക തന്നെ വേണമെന്നുകാട്ടി പരിസ്ഥിതിപ്രവർത്തകനായ നോബിൾ എം.പൈകഡ നൽകിയ ഹർജി ഹരിത ട്രിബ്യൂണൽ തള്ളി. ഇതിനെതിരേ നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പുവരുത്താതെ പദ്ധതികൾക്ക് കണ്ണടച്ച് അനുമതി നൽകുന്നത് സുസ്ഥിരവികസന കാഴ്ചപ്പാടിന് . എതിരാവുമെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഇക്കാര്യം ഉറപ്പുവരുത്താതിരുന്നതിന് കൃത്യമായ വിശദീകരണം നൽകുന്നതിൽ പരിസ്ഥിതിമന്ത്രാലയം പരാജയപ്പെട്ടു. പരിസ്ഥിതിമലിനീകരണം തടയാനും പരിസ്ഥിതിസംരക്ഷണം ഉറപ്പുവരുത്താനും 1986ലെ പരിസ്ഥിതി സംരക്ഷണനിയമം കൃത്യമായി വ്യവസ്ഥ ചെയ്യുന്നുണ്ട്. അതിൻ്റെ ലംഘനമാണ് വിജ്ഞാപനത്തിലൂടെയെന്ന വാദം കോടതി അംഗീകരിച്ചു.
1957-ലെ ഖനനനിയന്ത്രണ നിയമത്തിലെ എട്ട് ബി വകുപ്പു പ്രകാരം എല്ലാ പദ്ധതികൾക്കും മതിയായ പരിസ്ഥിതിസംരക്ഷണം ഉറപ്പുവരുത്തുന്നുണ്ടെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. അതിനോട് ചേർന്നു നിൽക്കുന്ന ഭേദഗതിയാണ് പരിസ്ഥിതി സംരക്ഷണനിയമത്തിൽ വരുത്തിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. ഇത്തരം പദ്ധതികളേറ്റടുക്കുമ്പോൾ മതിയായ സുരക്ഷാസംവിധാനം ഉറപ്പുവരുത്തുന്നുണ്ടെന്നും വ്യക്തമാക്കി.
എന്നാൽ, പാരിസ്ഥിതികമായ ദുരന്തങ്ങളും ആഘാതങ്ങളും വർധിച്ചുവരുന്ന സാഹചര്യം കണക്കിലെടുക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ആഗോളതലത്തിൽത്തന്നെ പാരിസ്ഥിതിക ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതിൻ്റെ ആവശ്യകത എടുത്തുപറഞ്ഞ കോടതി തുല്യത ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 14-ാം അനുച്ഛേദം, അനുച്ഛേദം 21 പ്രകാരം മാലിന്യമുക്ത പരിസ്ഥിതിയിൽ ജീവിക്കാനുള്ള പൗരന്റെ അവകാശം എന്നിവയും എടുത്തു പറഞ്ഞു.