കൂടിപ്പിരിയൽ ചടങ്ങോടെ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം സമാപിച്ചു


തളിപ്പറമ്പ്  :- രാമ-കൃഷ്ണന്മാരുടെ കൂടിപ്പിരിയൽ ചടങ്ങോടെ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം സമാപിച്ചു. ഉത്സവസമാപന ദിവസമായ ബുധനാഴ്ച രാവിലെ മുതൽ ധാരാളം ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്തിയിരുന്നു. വൈകീട്ട് അഞ്ചിന് ശേഷം ചാർത്തോടുകൂടിയ ബലിബിംബങ്ങൾ പുറത്തെഴുന്നള്ളിച്ചു. നിശ്ചിത പ്രദക്ഷിണം പൂർത്തിയാക്കി മോതിരം വെച്ചു തൊഴൽ ചടങ്ങ് നടന്നു. നൂറുകണക്കിന് ഭക്തർ ഭഗവദ്‌പാദങ്ങളിൽ മോതിരം വെച്ചു തൊഴുതു.

സന്ധ്യയോടെ ജ്യേഷ്ഠാനുജൻമാർ പലെഴുന്നള്ളിച്ച് വെക്കും തറയ്ക്കടുത്ത് ഓടിയെത്തി. ഭക്തജനങ്ങളുടെ ഗോവിന്ദം വിളി മുഴങ്ങിനിന്ന അന്തരീക്ഷത്തിൽ പലകുറി ഓടിക്കളിച്ചു. ഏഴരയോടെ പാലമൃതൻ പാൽക്കുടവും ശിരസ്സിലേറ്റി ക്ഷേത്രത്തിലേക്ക് ഓടിയെത്തിയപ്പോൾ പിറകെ കൃഷ്ണഭഗവാനും ശ്രീലകത്തേക്ക് പുറപ്പെട്ടു. കൃഷ്ണഭഗവാന്റെ മടക്കം ജ്യേഷ്ഠനെ നൊമ്പരപ്പെടുത്തി. അനുജൻ്റെ വേർപിരിയലിനൊടുവിൽ ബലരാമൻ മഴൂരേക്ക് യാത്രയായി.

Previous Post Next Post