കയറ്റുമതിയിൽ കുതിച്ച് കേരളം


കോഴിക്കോട് :-  കേരളത്തിൽനിന്നുള്ള കയറ്റുമതിയിൽ വൻ വർധന. 2023-ന്റെ അവസാന മൂന്നു മാസങ്ങളിൽ (ഒക്ടോബർ-ഡിസംബർ) മുൻ വർഷത്തെ ഇതേ കാലയളവിനെക്കാൾ 13.5 ശതമാനം വർധനയുണ്ടായതായാണ് കണക്കുകൾ. കേരള എക്സ്പോർട്ടേഴ്സ് ഫോറം നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 2022 ഒക്ടോബറിൽ 12,531, നവംബറിൽ 11,020, ഡിസംബറിൽ 10,469 എന്നിങ്ങനെയാണ് വല്ലാർപാടം ടെർമിനൽ വഴി കൊണ്ടുപോയ കണ്ടെയ്നറുകൾ. 2023- ൽ യഥാക്രമം 13,344, 11,594, 13,643 നെ ഉയർന്നു.

ഡിസംബറിലാണ് ഏറ്റവും വലിയ വർധന ഉണ്ടായിരിക്കുന്നത്, 30 ശതമാനം. ഒക്ടോബറിൽ 6.49 ശതമാനവും നവംബറിൽ 5.21 ശതമാനവും വർധിച്ചു. ചെങ്കടലിൽ കപ്പലുകൾക്കു നേരേയുണ്ടാവുന്ന ആക്രമണങ്ങൾ മൂലമുണ്ടാവുന്ന നഷ്ടമില്ലെങ്കിൽ കയറ്റുമതി ഇതിലും ഉയർന്നേനെയെന്നാണ് വിലയിരുത്തൽ.

കയറ്റുമതിയിൽ ഉയരത്തിലേക്കു കുതിച്ചത് കയറും കയർ ഉത്പന്നങ്ങളുമാണ്. വിദേശ ഇന്ത്യക്കാരോടൊപ്പം വിദേശീയരിലും പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളോട് പ്രിയം കൂടുന്നതാണ് കയർ ഉത്പന്നങ്ങൾക്ക് തുണയായത്. 72 ശതമാനമാണ് വർധന. 2022-ൽ ചകിരിനാര് 57 കണ്ടെയ്‌നറും ചകരികൊണ്ടുള്ള പായ 2,845 കണ്ടെയ്‌നറും ചകിരിയുടെ ചവിട്ടികളും പരവതാനികളും 248 കണ്ടെയ്‌നറും മറ്റു കയർ ഉത്പന്നങ്ങൾ 1,282 കണ്ടെയ്‌നറുമാണ് കയറ്റുമതി ചെയ്തത്. 2023-ൽ ചകിരിനാര് 62 കണ്ടെയ്‌നറും ചകിരി കൊണ്ടുള്ള പായ 3,207, ചകിരിയുടെ ചവിട്ടികളും പരവതാനികളും 612, മറ്റ് കയർ ഉത്പന്നങ്ങൾ 3,756 കണ്ടെയ്നറുകളിലാണ് പോയത്.

2023 നവംബറിൽ ആരംഭിച്ച ചെങ്കടൽ പ്രതിസന്ധി കാരണം മത്സ്യ കയറ്റുമതിയിൽ വൻ കുറവുണ്ടായിട്ടുണ്ട്. കപ്പൽ വഴിമാറി ചുറ്റിപ്പോകുന്നത് സമയമെടുക്കുന്നതിനാൽ ശീതീകരിച്ച മത്സ്യം കേടാവുന്നതിനാലാണിത്. യു.എസ്, യു.കെ, കാനഡ, സ്ലാൻഡിനേവിയൻ രാജ്യങ്ങൾ എന്നിവയായിരുന്നു കേരളത്തിൽ നിന്ന് കാര്യമായി ശീതീകരിച്ച മത്സ്യം ഇറക്കുമതി ചെയ്തിരുന്നത്. പഴങ്ങളുടെയും പച്ചക്കറികളുടെയും കയറ്റുമതിയിൽ 2022 ലെ അവസാന മൂന്നു മാസങ്ങളെ അപേക്ഷിച്ച് വർധനയുണ്ട്.

Previous Post Next Post