തിരുവനന്തപുരം :- താപനില 40 ഡിഗ്രി സെൽഷ്യസോടടുത്തതോടെ കേരളത്തിൽ കുറഞ്ഞ താപനില പോലും 30 ഡിഗ്രി സെൽഷ്യസിനടുത്താണ്. രാവിലെ 11 മുതലുള്ള വെയിൽ നേരിട്ട് ഏൽക്കരുതെന്നാണ് ഔദ്യോഗിക മുന്നറിയിപ്പെങ്കിലും രാവിലെ 9 മുതൽ തന്നെ പുറത്തിറങ്ങാതിരിക്കുന്നതാണു നല്ലതെന്ന് ആരോഗ്യ - കാലാവസ്‌ഥാ വിദഗ്ധർ പറയുന്നു. പകൽ 12 മണി മുതൽ 3 മണി വരെ കൃഷിപ്പണി ഒഴിവാക്കണമെന്നും ഈ സമയത്ത് രാസകീടനാശിനികൾ പ്രയോഗിക്കരുതെന്നും കേരള കാർഷിക സർവകലാശാല നിർദേശിച്ചു.
ചൂട് കുറയാൻ മേയ് പകുതി വരെയെങ്കിലും കാത്തിരിക്കണം. ഇടുക്കിയും വയനാടും ഒഴികെ 12 ജില്ലകളിലും ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. മിക്ക ജില്ലകളിലും വരും ദിവസങ്ങളിൽ താപനില പതിവിലും 2-4 ഡിഗ്രി കൂടുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, തൃശൂർ ജില്ലകളിലാണ് ഏറ്റവും കടുത്ത മുന്നറിയിപ്പ്. ഇന്നുമുതൽ കൂടുതൽ വേനൽമഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. വടക്കൻ ജില്ലകളിലും മഴയ്ക്കു സാധ്യതയുണ്ട്.
സംസ്ഥാനത്ത് വരൾച്ചയെത്തുടർന്ന് 40 കോടി രൂപയുടെ കൃഷി നാശം. ജനുവരി 1 മുതൽ കഴിഞ്ഞയാഴ്ച വരെയുള്ള കണക്കാണിത്. ഏഴായിരത്തോളം കർഷകരുടെ 2600 ഹെക്‌ടർ കൃഷി നശിച്ചു. പാലക്കാട് ജില്ലയിലാണ് കൂടുതൽ നാശം. ഉണങ്ങിയ തെങ്ങോലകൾ, തൊണ്ട്, വിള അവശിഷ്ടങ്ങൾ എന്നിവ ഉപയോഗിച്ചു കൃഷിയിടങ്ങളിൽ പുതയിടണമെന്നു കേരള കാർഷിക സർവകലാശാല നിർദേശിക്കുന്നു.