കണ്ണൂർ :- സ്കൂൾ യൂണിഫോം നെയ്ത തൊഴിലാളികൾക്ക് 'ഹാൻവീവ്' രണ്ടുദിവസം കൊണ്ട് വിതരണം ചെയ്തത് 3.65 കോടി രൂപ. ജൂൺ മുതൽ ഡിസംബർ വരെ കുടിശ്ശികയായിരുന്ന വേതനമാണ് വിതരണം ചെയ്തത്. ഇതേ കാലയളവിലുള്ള ജീവനക്കാരുടെ ശമ്പളക്കുടിശ്ശികയും വിതരണം ചെയ്തു.
ഒരു തൊഴിലാളിക്ക് 30,000 മുതൽ 40,000 രൂപ വരെ ലഭിച്ചു. കാസർഗോഡ് മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ എൽ.പി, യു.പി സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യമായി വിതരണം ചെയ്ത വസ്ത്രങ്ങൾ നെയ്ത തൊഴിലാളികളുടെ കൂലിയാണ് കുടിശ്ശികയായിരുന്നത്. അടുത്ത അധ്യയനവർഷം വിതരണം ചെയ്യാനുള്ള തുണികൾ വിതരണത്തിന് തയ്യാറായെന്ന് ഹാൻവീവ് ചെയർമാൻ ടി.കെ ഗോവിന്ദൻ പറഞ്ഞു.