വോഡഫോൺ ഐഡിയ 5ജി ഒൻപത് മാസത്തിനകം


മുംബൈ :- അടുത്ത 24-30 മാസത്തിൽ വോഡഫോൺ ഐഡിയയുടെ വരുമാനത്തിന്റെ 40 ശതമാനം വരെ 5ജി സേവനത്തിൽ നിന്നാക്കാൻ ലക്ഷ്യമിടുന്നതായി കമ്പനി സി.ഇ.ഒ. അക്ഷയ മുന്ദ്ര. ആറുമുതൽ ഒമ്പതുമാസത്തിനകം 5ജി സേവനങ്ങൾ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ, 5ജി സേവനം എവിടെയെല്ലാം ലഭ്യമാക്കുമെന്നോ എന്നുമുതൽ തുടങ്ങുമെന്നോ വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല. എഫ്. പി.ഒ.യിൽ നിന്നുള്ള ഫണ്ട് ലഭ്യമായാൽ ഉടൻ 5ജി ഉപകരണങ്ങൾക്ക് ഓർഡർ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമായും 17 സർക്കിളുകൾ കേന്ദ്രീകരിച്ചാണ് കമ്പനിയുടെ വിപുലീകരണപ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്. കമ്പനിയുടെ 90 ശതമാനം നെറ്റ്‌വർക്കും 5ജി സേവനങ്ങൾക്കു സജ്ജമാണ്. സ്പെക്ട്രമുള്ള സർക്കിളുകളിൽ നിയമപ്രകാരം ചുരുങ്ങിയതോതിൽ 5ജി സേവനം തുടങ്ങുന്നതിന് സജ്ജമാണ്. ഇതിനുള്ള പരീക്ഷണങ്ങളും പൂർത്തിയായി. പുതിയ മേഖലകളിൽ 4ജി സേവനമെത്തിക്കുന്നതിനും നിലവിലുള്ള 4ജി നെറ്റ്‌വർക്കിൻ്റെ ശേഷി വിപുലമാക്കാനും 5ജി സേവനം തുടങ്ങുന്നതിനും എഫ്.പി.ഒ. വഴി ലഭിക്കുന്ന ഫണ്ട് വിനിയോഗിക്കും.

18,000 കോടി രൂപയുടെ എഫ്.പി.ഒ.യിൽ 12,750 കോടി രൂപയാണ് ഇതിനായി വിനിയോഗിക്കുക. ഇതിൽത്തന്നെ 5,720 കോടി രൂപ 5ജി നെറ്റ‌്വർക്ക് തുടങ്ങാനാണ്. നടപ്പുസാമ്പത്തിക വർഷം 2600 കോടി രൂപ ചെലവിൽ 10,000 കേന്ദ്രങ്ങളിൽ 5ജി സേവനം ലഭ്യമാക്കും.

Previous Post Next Post