സംസ്ഥാനത്തെ സ്‌കൂൾ അധ്യാപകർക്ക് 5 ദിവസത്തെ അവധിക്കാല പരിശീലനത്തിനൊപ്പം ക്ലസ്‌റ്റർ പരിശീലനവും


തിരുവനന്തപുരം :- സംസ്ഥ‌ാനത്തെ സ്‌കൂൾ അധ്യാപകർക്ക് 5 ദിവസത്തെ അവധിക്കാല പരിശീലനത്തിനൊപ്പം ഇത്തവണ 5 ദിവസത്തെ ക്ലസ്‌റ്റർ പരിശീലനവും. മുൻ വർഷങ്ങളിൽ പരമാവധി 3 ക്ലസ്‌റ്റർ നടത്തിയിരുന്നതാണ് ഇക്കൊല്ലം 5 ആക്കുന്നത്. ഇത്തവണ ഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനവും ക്ലസ്റ്റ‌ർ യോഗങ്ങളുമുണ്ട്. നിലവിൽ ഇവർക്ക് തുടർ മൂല്യ നിർണയവുമായി ബന്ധപ്പെട്ട് വർഷത്തിൽ ഒരു ക്ലസ്‌റ്റർ യോഗം മാത്രമാണുള്ളത്. വാർഷിക പരിശീലനമില്ല. എന്നാൽ 10-ാം ക്ലാസ് വരെയുള്ള അധ്യാപകർക്ക് സമാനമായ പരിശീലനം ഇവർക്കും നൽകാനാണ് തീരുമാനം. മേയ് 15 മുതൽ 25 വരെയാകും ജില്ലാ കേന്ദ്രങ്ങളിൽ വിഷയാധിഷ്‌ഠിതമായി 5 ദിവസത്തെ ക്യാംപുകൾ. റസിഡൻഷ്യൽ പരിശീലനം തിരഞ്ഞെടുക്കുന്നവർക്ക് 4 ദിവസം മതി.

പുതിയ പാഠ്യപദ്ധതിയും പാഠപുസ്‌തകങ്ങളും പരിചയപ്പെടു ത്തുകയാണ് ക്യാംപുകളിലെ മുഖ്യ അജണ്ട. 1 മുതൽ 12 വരെ ക്ലാസുകളിലെ 1.9 ലക്ഷം അധ്യാപകർക്കാണു പരിശീലനം നൽകുക. അധ്യയന വർഷം 10 ദിവസത്തെ പരിശീലനമാണ് ലക്ഷ്യമെന്നു മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. 6 മാസത്തിലൊരിക്കൽ അധ്യാപക പരിശീലനം എന്നായിരുന്നു ബജറ്റ് പ്രഖ്യാപനമെങ്കിലും പ്രായോഗിക ബുദ്ധിമുട്ടു കണക്കിലെടുത്താണ് ക്ലസ്‌റ്റർ എണ്ണം കൂട്ടുന്നത്.

Previous Post Next Post